KeralaNewsPolitics

സർവകലാശാലകളെ ആർഎസ്എസ് ശാലകളാക്കുവാൻ അനുവദിക്കില്ല: എസ്എഫ്ഐ

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുവാനുള്ള ആർഎസ്എസ് അജണ്ട കേരള ഗവർണറും വൈസ് ചാൻസിലർമാരും സംഘടിതമായി തുടർന്നും നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്ന് എസ്എഫ്ഐ. ആർഎസ എസ് വിദ്യാഭ്യാസ പരിപാടിയായ ജ്ഞാനസഭയിൽ കേരളത്തിലെ വിസിമാർ പങ്കെടുക്കുന്നത് മതനിരപേക്ഷ പൊതുസമൂഹത്തിന് അംഗീകരിക്കുവാനാകുന്നതല്ല. ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സംഘടനയായ ശിക്ഷ സംസ്കൃതി ഉദ്ധാൻ സംഘടിപ്പിക്കുന്ന ജ്ഞാനസഭയിലാണ് കേരളത്തിലെ 5 സർവകലാശാല വൈസ് ചാൻസിലർമാർ പങ്കെടുക്കുന്നത്.

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭഗവത് അടക്കം പങ്കെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ പരിപാടിയിൽ വൈസ് ചാന്സിലർമാർ പങ്കെടുക്കുന്നത് കേരളത്തിന്റെ ഉന്നതമായ സർവകലാശാലകളെ സംഘപരിവാർവൽക്കരിക്കുവാനും ആർഎസ്എസ് നിയന്ത്രണത്തിൽ കൊണ്ടുവരുവാനും ലക്ഷ്യം വെച്ചുകൊണ്ടാണ്. സർവകലാശാലകൾ നിലകൊള്ളുന്നത് മാനവികതക്കും സഹിഷ്ണുതക്കും ഉന്നതമായ ആശയങ്ങളുടെ സാഹസികതക്കും വേണ്ടിയാണ് എന്ന നെഹ്‌റുവിയൻ കാഴ്ചപ്പാടിനെ അട്ടിമറിച്ചുകൊണ്ടാണ് ആർഎസ്എസ് പാദസേവകരായ ഗവർണറും വൈസ് ചാൻസിലർമാരും അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്. സർവകലാശാലകളുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറക്ക് വിരുദ്ധമാണത്. സർവകലാശാല ചട്ടങ്ങളെ മറികടന്നുകൊണ്ട് സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റിലേക്കും വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിലേക്കും ആർഎസ്എസ് അനുകൂലികളെ തിരുകികയറ്റാൻ ശ്രമിച്ച കേരള ഗവർണറുടെ നീക്കവും ഇതേ ലക്ഷ്യം മുന്നിൽകണ്ടുകൊണ്ടുള്ളതാണ്.

വെറ്ററിനറി സർവകലാശാലയിൽ സർവകലാശാല രാജ്ഭവന് നൽകിയ പ്രഗത്ഭരായ വ്യക്തികളുടെ ലിസ്റ്റ് തള്ളികളഞ്ഞുകൊണ്ടാണ് ബി ജെ പി അധ്യാപക സംഘടന അംഗങ്ങളായ സംഘപരിവാറുകരെ ഗവർണർ തിരുകി കയറ്റിയത്. സംസ്‌കൃത സർവ്വകലാശാലയിലും ഇതെനിലയിൽ സർവകലാശാല നൽകിയ പേരുകൾ വെട്ടി ആർഎസ്എസ് സംഘടനയായ ഉന്നത വിദ്യാഭ്യാസ സംഘിൽ അംഗങ്ങളായവരെ സിൻഡിക്കേറ്റിലേക്ക് നിർദേശിച്ചു. സർവകലാശാല ചട്ടങ്ങളെ മറികടന്നുകൊണ്ടുള്ള ഗവർണ്ണറുടെ നീക്കം കേരളത്തിന്റെ സർവകലാശാലകളെ ആർഎസ്എസ് നിയന്ത്രണത്തിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ്. ഈ ശ്രമങ്ങളെ ചെറുക്കാൻ കരുത്തുറ്റ സമരപ്രക്ഷോഭങ്ങളുമായി എസ്എഫ്ഐ മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പ്രസിഡന്റ് എം.ശിവപ്രസാദ് എന്നിവർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button