KeralaNews

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ അണക്കെട്ടിന് സമീപം 10 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കാണിച്ച് സേവ് കേരള ബ്രിഗേഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നിലവിലുള്ള അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് ചില നിര്‍ദേശങ്ങള്‍ ആവശ്യമായി വന്നേക്കാം. സുരക്ഷാ വശങ്ങളും പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള സാധ്യതയും വിലയിരുത്തുന്നതിനായി ഒരു വിദഗ്ധസമിതിയുടെ പരിശോധന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 1895ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിനാണ് പാട്ടക്കരാര്‍ നല്‍കിയിരിക്കുന്നത്.

അണക്കെട്ടിന്റെ കാലപ്പഴക്കം സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം 10 ദശലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button