
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതോ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമാണിത്. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിച്ചിട്ടുള്ളത്. ഹൈക്കോടതി തന്നെ കോടതിക്ക് മുന്നില്‍ വന്ന പ്രശ്‌നങ്ങള്‍ ചെയ്തിട്ടുള്ള കാര്യമാണ്. അതിന്റെ ഭാഗദമായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും കുറ്റവാളികളുണ്ടെങ്കില്‍ അവരെല്ലാം നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്നത് സംശയിക്കേണ്ട കാര്യമില്ല. ഹൈക്കോടതിയുടെ നിലപാടിന് ഗവണ്‍മെന്റ് ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയുടെ മുന്നില്‍ ഏത് തരത്തിലുള്ള അന്വേഷണം എന്നതിനെ പറ്റിയും ഗവണ്‍മെന്റ് വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി മറ്റു പ്രശ്‌നങ്ങളില്ല – അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയുണ്ടായെന്നത് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടോ എന്നത് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ടതല്ല. അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെ വീഴ്ചയുണ്ടായി എന്നത് കണ്ടെത്തും. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നടപടി തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.