വയനാട് ദുരന്ത സമയത്ത് ആദ്യം എത്തിയത് ആർ എസ് എസ്: മോദി

രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും അവിടെ ഓടിയെത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ സമയത്ത് ആദ്യം ഓടിയെത്തിയത് ആര്‍എസ്എസ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ദുരിതങ്ങളില്‍ താങ്ങായി ആര്‍എസ്എസ് നിലകൊണ്ടുവെന്നും മോദി അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നവരാത്രി ആശംസകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷം കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് മോദി പറഞ്ഞു. ആര്‍എസ്എസിന്റേത് പ്രചോദനാത്മകമായ യാത്രയാണ്. രാജ്യസേവനത്തിന്റെ പ്രതീകമാണ് ആര്‍എസ്എസ്. നൂറ് കണക്കിന് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ആര്‍എസ്എസ് സമൂഹത്തിലെ എല്ലാ ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചുവെന്നും മോദി പറഞ്ഞു.
ആര്‍എസ്എസിനെ ഇല്ലാതാക്കാനുള്ള വലിയ ശ്രമങ്ങള്‍ സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായി. ഗോള്‍വാള്‍ക്കറെ കള്ളക്കേസുകളില്‍ കുടുക്കി ആര്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമിച്ചവരോട് ഒരു പ്രതികാരവും ആര്‍എസ്എസ് കാട്ടിയില്ലെന്നും മോദി പറഞ്ഞു. ആര്‍എസ്എസ് വാര്‍ഷികത്തോട് അനുബന്ധിച്ച് കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രമുള്ള നൂറ് രൂപ നാണയം പ്രധാനമന്ത്രി പുറത്തിറക്കി. ഇതിന് പുറമേ പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ‘ഭാരത് മാത’യുടെ ചിത്രം ഇന്ത്യന്‍ നാണയത്തില്‍ ഉണ്ടാകുന്നതെന്നും മോദി പറഞ്ഞു.