KeralaNews

സംസ്ഥാന സഹകരണവകുപ്പിന്‍റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കായി 2.44 കോടി രൂപ ധനസഹായം അനുവദിച്ചു

സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി, സഹകാരി സാന്ത്വനം പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി 2.44 കോടി രൂപ അനുവദിച്ചതായി സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. അംഗ സമാശ്വാസ പദ്ധതിയുടെ (മെമ്പേഴ്‌സ് റിലീഫ് ഫണ്ട് സ്‌കീം) ഏഴാംഘട്ടമായി 1100 അപേക്ഷകർക്കായി 2,42,70,000/-രൂപയും സഹകാരി സാന്ത്വനം പദ്ധതിയില്‍ അഞ്ചാംഘട്ടമായി അഞ്ച് അപേക്ഷകര്‍ക്കായി 2,25,000/- രൂപയുമാണ് അനുവദിച്ചത്.

വിവിധ സഹകരണ സംഘങ്ങളില്‍ ഭരണസമിതി അംഗങ്ങളായി, സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുകയും, നിലവില്‍ രോഗം മൂലവും, പ്രായാധിക്യം മൂലവും അവശത അനുഭവിക്കുന്ന സഹകാരികള്‍ക്ക് നല്‍കുന്ന സഹായധനമാണ് സഹകാരി സാന്ത്വനം. പരമാവധി അന്‍പതിനായിരം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് സഹായമായി നല്‍കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാല് ഘട്ടങ്ങളായി 431 അപേക്ഷകള്‍ ലഭിക്കുകയും 1,15,25,000/- രൂപ സഹായധനമായി നേരത്തെ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

സഹകരണ സംഘങ്ങളിലെ അംഗങ്ങളില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കും, ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍ക്കും, വാഹനാപകടത്തില്‍പ്പെട്ട് ശയ്യാവലംബരായവര്‍ക്കും, മാതാപിതാക്കള്‍ മരിച്ചുപോയ സാഹചര്യത്തില്‍ അവര്‍ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ധനസഹായം നല്‍കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് അംഗ സമാശ്വാസ നിധി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം അംഗ സമാശ്വാസ നിധിപദ്ധതി അനുസരിച്ച് ഇതുവരെയായി ആറു ഘട്ടങ്ങളായി 45,210 അപേക്ഷകര്‍ക്ക് 95 കോടി രൂപയിൽ അധികം സഹായധനമായി നല്‍കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഏഴാംഘട്ടധനസഹായം അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പത്രകുറിപ്പില്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button