
കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. ‘കോൺഗ്രസ് പാർട്ടിക്ക് തന്നെ ആവശ്യമെങ്കിൽ രാഷ്ട്രീയ ലോകത്തേക്ക് ചുവട് വയ്ക്കാൻ തയ്യാറാണെന്ന്’ റോബർട്ട് വാദ്ര പറഞ്ഞു.
ഗാന്ധി കുടുംബത്തിലെ അംഗമായതുകൊണ്ട് മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധത്തിന് കാരണം. കഴിഞ്ഞ കുറേ വർഷങ്ങളായി പല പാർട്ടികളും എൻ്റെ പേര് ഉപയോഗിക്കുന്നത് സ്ഥിരമാണ്. രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു, ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അവർ എൻ്റെ പേര് ഓർക്കുന്നു. പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എൻ്റെ പേരാണ് ഉപയോഗിക്കുന്നത് എന്ന് വാദ്ര പറഞ്ഞു.
‘പ്രിയങ്കയും സഹോദരീ ഭർത്താവായ രാഹുൽ ഗാന്ധിയുമാണ് രാഷ്ട്രീയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ എനിക്ക് മനസിലാക്കി തന്നത്. അവരിൽ നിന്ന് ധാരാളം കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിച്ചിട്ടുണ്ട്. പ്രിയങ്ക ആദ്യം പാർലമെൻ്റിൽ വരണമെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു, ഇപ്പോൾ അത് സാധ്യമായി’. അതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെൽജിയത്തിൽ അറസ്റ്റിലായ വജ്ര വ്യാപാരി മെഹുൽ ചോക്‌സിയെക്കുറിച്ചും റോബർട്ട് വാദ്ര പ്രതികരിച്ചു. അറസ്റ്റ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി മോഷ്ടിച്ച പണം ഉടൻ തിരിച്ചുപിടിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപ തട്ടിയ വായ്പ കേസിലാണ് മെഹുൽ ചോക്സിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്യ്തത്.