KeralaNews

കെ എം എബ്രഹാമിനെ നീക്കണം, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കൂടാരം; രമേശ് ചെന്നിത്തല

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെ ഉടനടി സ്ഥാനത്തുനിന്നും നീക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. കെ എം എബ്രഹാമിനെ കിഫ്ബി സിഇഒ സ്ഥാനത്തുനിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ അഴിമതിയുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും കളളക്കടത്തും അനധികൃത നിയമനങ്ങളും അനധികൃത കോണ്‍ട്രാക്ടുകളും മാസപ്പടിയുമെല്ലാം ചേര്‍ന്ന് കേരളാ ചരിത്രത്തിലെ തന്നെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.Kerala tourism

‘വിരമിച്ച ശേഷം ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നല്‍കി തന്റെ ഓഫീസിനെ നയിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ചയാളാണ് കെഎം എബ്രഹാം. കിഫ്ബിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ക്കുമേല്‍ അന്വേഷണം വരുമെന്ന് കണ്ടപ്പോള്‍ എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചു. ഇത് കിഫ്ബിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ആരെയോ രക്ഷിക്കാനുളള ഡീലാണ്. വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട്. കെഎം എബ്രഹാമിനെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണത്തെയും അത് അപ്പാടെ വിശ്വസിച്ച വിജിലന്‍സ് കോടതി വിധിയെയും ഹൈക്കോടതി വിമര്‍ശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരന്‍ കണ്ടെത്തിയ നിസാര വസ്തുതകള്‍ പോലും വിജിലന്‍സിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനുകാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുളളവര്‍ക്ക് മനസിലാകും. വിജിലന്‍സിന്റെ ചുമതലയുളള മന്ത്രി എന്ന നിലയില്‍ സ്വന്തക്കാരെ മുഴുവന്‍ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി കുറഞ്ഞപക്ഷം വിജിലന്‍സിന്റെ ചുമതലയെങ്കിലും ഒഴിയാനുളള മര്യാദ കാണിക്കണം’- രമേശ് ചെന്നിത്തല പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുരുക്കിലായ എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത് അഴിമതി നിരോധന നിയമത്തിലെ 13(2), 13 (1)e എന്നീ വകുപ്പുകളാണ്. 12 വർഷത്തെ സ്വത്ത് വിവരങ്ങളാണ് അന്വേഷിക്കുക. തിരുവനന്തപുരത്തും മുംബൈയിലും വാങ്ങിയ ഫ്ലാറ്റുകളും കൊല്ലം കടപ്പാക്കടയിലെ ഷോപ്പിംഗ് കോംപ്ലക്സും അന്വേഷണ പരിധിയിൽ വരും. ഏപ്രിൽ 26 നാണ് കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button