KeralaNews

‘എനിക്ക് മലയാളം പറയാനും മലയാളത്തില്‍ തെറി പറയാനുമറിയാം’; ‘ലൂസിഫറി’ലെ ഡയലോഗുമായി രാജീവ് ചന്ദ്രശേഖര്‍

മലയാളവും കേരളാ രാഷ്ട്രീയവും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. താന്‍ തൃശൂരില്‍ ജനിച്ചുവളര്‍ന്നയാളാണെന്നും രാജ്യം മുഴുവന്‍ സേവനം ചെയ്ത വ്യോമസേന പട്ടാളക്കാരന്‍ എം കെ ചന്ദ്രശേഖരന്റെ മകനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

‘അപ്പോ എനിക്ക് മുണ്ടുടുക്കാനും അറിയും. വേണമെങ്കില്‍ മുണ്ട് കുത്തിവയ്ക്കാനും അറിയും. മലയാളം സംസാരിക്കാനുമറിയും. മലയാളത്തില്‍ തെറി പറയാനുമറിയും’-രാജീവ് പറഞ്ഞു. തനിക്കറിയുന്നത് വികസന രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖറിന് മലയാളമോ കേരളത്തെയോ അറിയില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചിരുന്നു.

‘ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു, രാജീവ് ചന്ദ്രശേഖരന് കേരളാ രാഷ്ട്രീയം അറിയില്ല, മലയാളം അറിയില്ല, അതുകൊണ്ട് ഞങ്ങള്‍ ന്യായീകരിക്കുന്നത് അദ്ദേഹത്തിന് മനസിലായിട്ടില്ല എന്ന്. അത് ശരിയാണ്. 60 കൊല്ലം ജനങ്ങളെ വഞ്ചിച്ച അഴിമതിയും പ്രീണന രാഷ്ട്രീയവും എനിക്കറിയില്ല. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. അത് സിപിഐഎമ്മിന്റെ രാഷ്ട്രീയമാണ്. എനിക്കറിയുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. അവസരങ്ങളും തൊഴിലും നിക്ഷേപവും അറിയുന്ന രാഷ്ട്രീയമാണ് ഞങ്ങള്‍ ബിജെപിക്കാരുടേത്. ജനങ്ങളെ സേവിക്കാനും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്ന രാഷ്ട്രീയമാണ് എനിക്കറിയുന്നത്. കോണ്‍ഗ്രസുകാര്‍ രാജീവ് ചന്ദ്രശേഖറിന് കേരളാ രാഷ്ട്രീയമറിയില്ലെന്ന് പറയുമ്പോള്‍ അത് ശരിയാണ്. അവരുടെ രാഷ്ട്രീയം പഠിക്കാന്‍ എനിക്ക് ആഗ്രഹവുമില്ല. അവരത് പ്രിയങ്കാ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ പഠിപ്പിക്കട്ടെ.

ഞാന്‍ തൃശൂരില്‍ പഠിച്ചുവളര്‍ന്നയാളാണ്. രാജ്യം മൊത്തം നാഷണല്‍ സര്‍വ്വീസ് ചെയ്ത വ്യോമസേന പട്ടാളക്കാരന്‍ എം കെ ചന്ദ്രശേഖറിന്റെ മകനാണ്. അപ്പോ എനിക്ക് മുണ്ടുടുക്കാനും അറിയും. വേണമെങ്കില്‍ മുണ്ട് മടക്കി കുത്താനുമറിയും. മലയാളം പറയാനും അറിയും മലയാളത്തില്‍ തെറി പറയാനും അറിയും. ജനങ്ങള്‍ക്ക് വികസന സന്ദേശം മലയാളത്തില്‍ പറയാനുമറിയും. ഞാന്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും പഠിക്കാനല്ല വന്നിരിക്കുന്നത്. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനാണ്.’-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button