‘അധികാരം പിടിക്കുകയാണ് എന്നെ ഏല്‍പ്പിച്ച ദൗത്യം; കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും’; രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ . വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിച്ച് മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന ടീം ആയിരിക്കും ഉണ്ടാവുകയെന്നും ബിജെപിയില്‍ തനിക്കായി ഒരു ടീമും ഉണ്ടാകില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അധികാരം പിടിക്കുകയാണ് തന്നെ ഏല്‍പ്പിച്ച ദൗത്യമെന്നും അത് കിട്ടുന്നത് വരെ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ മാറ്റം കൊണ്ടുവരികയെന്ന സ്ട്രാറ്റജി ഞങ്ങള്‍ക്കുണ്ട്. മറ്റു പാര്‍ട്ടികളില്‍ 40 – 50 കൊല്ലമായി രാഷ്ട്രീയം കളിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ മികച്ച രാഷ്ട്രീയ പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ ബിജെപിയില്‍ മാത്രമാണുള്ളത്. വിപ്ലവം, ഐഡിയോളജി, കാള്‍ മാക്സ്, ജവഹര്‍ലാല്‍ നെഹ്റു എന്നിവയൊന്നുമല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്.
തൊഴില്‍, നിക്ഷേപം, നൈപുണ്യം, അവസരങ്ങള്‍, എന്നിവയെല്ലാമുള്ള ഒരു പുത്തന്‍ കേരളമാണ് അവര്‍ക്ക് വേണ്ടത്. വികസനം, പുരോഗതി എന്നിവയുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. അത് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് – അദ്ദേഹം പറഞ്ഞു.കേരള രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 72 – 73 വര്‍ഷം കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ഒരു ജുഗല്‍ബന്ദിയാണ്. അവര്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയാകെ തകര്‍ത്തു. കടമില്ലാതെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണിന്ന്. ആശ വര്‍ക്കര്‍മാര്‍ക്ക് നല്കാന് പണമില്ല, കെഎസ്ആര്‍ടിസിക്ക് നല്കാന് പണമില്ല, പെന്ഷന് നല്കാന് പണമില്ല. ഈ ഒരു മോഡലിന് ഒരു ഭാവിയില്ലെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ യുവാക്കള്‍ പഠിച്ചു മനസിലാക്കുന്നുണ്ട് – അദ്ദേഹം വ്യക്തമാക്കി.
താനൊരു വികസന നായകനൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ബലമായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പതിനൊന്നു കൊല്ലം കൊണ്ട് നരേന്ദ്ര മോദി എങ്ങനെ മുന്നോട്ട് കൊണ്ടുപോയെന്ന് കണ്ട് പഠിച്ച് മനസിലാക്കിയ ഒരു രാഷ്ട്രീയക്കാരനാണ് താനെന്നും വികസനം, തൊഴില്‍ നിക്ഷേപം എന്നിവയാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രത്യയശാസ്ത്രവും തന്റെ പത്യയശാസ്ത്രവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ലെന്നും വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിച്ച് മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.തനിക്കായി ഒരു ടീമും ഉണ്ടാകില്ലെന്നും ബിജെപിയുടെ ടീം ആകുമെന്നും എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന ടീം ആയിരിക്കും ഉണ്ടാവുകയെന്നും പുതിയ ടീം പഴയ ടീം എന്നത് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.