
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. താന്‍ പറഞ്ഞാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ സന്തോഷമുണ്ട്. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭയമില്ല. സ്വരാജ് പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ പരാജയമായി കണക്കാക്കണമെന്നും രാഹുൽ പറഞ്ഞു.
പിണറായി സര്‍ക്കാരിന് പിന്തുണയുണ്ടായിരുന്ന കാലത്ത് പോലും തിരഞ്ഞെടുപ്പില്‍ നിന്ന് തോറ്റ് പോയ ആളാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയായ സ്വരാജ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി കരുത്തനാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും രാഹുല്‍ കൂട്ടിചേർത്തു.
ഇന്നലെയാണ് നിലമ്പൂരിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി സ്വരാജിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പടെ ഉള്ളവർ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ‘പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു, ചിഹ്നം പ്രശ്നമല്ല’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒഎല്‍എക്സിന്റെ ലോഗോയും പോസ്റ്റിനൊപ്പം രാഹുല്‍ പങ്കുവെച്ചിരുന്നു.
മണ്ഡലത്തില്‍ സ്വരാജിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും സിപിഐഎമ്മിനെ വെല്ലുവിളിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ വർഷങ്ങളിലേത് പോലെ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിന് സിപിഐഎം മുതിരും എന്ന സൂചനകൾക്കിടെയിൽ സ്വരാജിലേക്ക് പാർട്ടി എത്തുകയായിരുന്നു. എന്നാൽ പരിഹാസം, വെല്ലുവിളി, ആക്ഷേപം, ഭീഷണി എന്നിവയ്‌ക്കൊന്നും രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്നായിരുന്നു പരിഹാസത്തിൽ സ്വരാജിൻ്റെ പ്രതികരിച്ചത്.