
പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്ര താനെ ജില്ലയിലുണ്ടായ മുംബ്ര ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. തിങ്കളാഴ്ച നടന്ന അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. മോദി സര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത് ഉത്തരവാദിത്തമില്ലായ്മക്കും പ്രചാരവേലകള്‍ക്കുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
‘കോടിക്കണക്കിനാളുകളുടെ ജീവിതത്തിന്റെ നട്ടെല്ലാണ് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍, ഇന്ന് അത് തിരക്കിന്റെയും കുത്തഴിഞ്ഞ അവസ്ഥയുടെയും പ്രതീകമായി മാറിക്കഴിഞ്ഞു. കേന്ദ്രം വര്‍ത്തമാനകാലത്തേക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തി, 2047ലെ സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണ്. രാജ്യം എന്താണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്, അത് ആര് ശ്രദ്ധിക്കു?’- രാഹുല്‍ ചോദിച്ചു. എക്സിലെഴുതിയ കുറിപ്പിലാണ് രാഹുലിന്റെ വിമര്‍ശനം.
താനെ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് പുറപ്പെട്ട കസാരയിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിലാണ് അപകടം. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിനില്‍ യാത്രക്കാര്‍ തെറിച്ച് പുറത്തേക്കുവീഴുകയായിരുന്നു. തീവണ്ടിയില്‍ ആളുകള്‍ നിങ്ങിനിറഞ്ഞതും ചവിട്ടുപടിയില്‍നിന്ന് യാത്രചെയ്തതുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.