
ശബരിമല യുവതി പ്രവേശന വിഷയം ബിജെപിക്ക് ലഭിച്ചിരുന്ന സുവർണാവസരം ആയിരുന്നുവെന്ന് ആവർത്തിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഗോവൻ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള. ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ ആണ് പി എസ് ശ്രീധരൻപിള്ള വർഗീയത ആവർത്തിച്ചത്. ശബരിമല സമരവും വിധിയും സുവർണ്ണാവസരമെന്ന് 2018 ൽ പറഞ്ഞത് വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ. ‘ശബരിമല സുവർണ്ണാവസരം എന്ന് അന്ന് പറഞ്ഞു, അത് ഇന്നും ആവർത്തിക്കുന്നു’ എന്നാണ് പി എസ് ശ്രീധരൻപിള്ള പറഞ്ഞത്.
2018 നവംബറിൽ കോഴിക്കോട് നടന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിലാണ് ശബരിമല സുവർണ്ണാവസരമെന്ന വർഗീയ പരാമർശം പി എസ് ശ്രീധരൻപിള്ള ആദ്യം നടത്തിയത്. കോടതി വിധിയെ തുടർന്നുണ്ടായ ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരം ആസൂത്രിതമാണെന്ന് വീണ്ടും ആവർത്തിക്കുകയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ. ശബരിമല യുവതീപ്രവേശനം തടയുന്നതിനായി 2018ൽ നടയടച്ച് ശുദ്ധികലശം നടത്തിയത് തന്റെ നിർദ്ദേശപ്രകാരമാണെന്ന് പി എസ് ശ്രീധരൻ പിള്ള നേരത്തെ വെളിപ്പെടുത്തിയിരുന്നു.
നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ പി എസ് ശ്രീധരൻ പിള്ളക്കെതിരെ അന്ന് കേസും എടുത്തിരുന്നു. ഏഴു വർഷങ്ങള്‍ക്ക് ഇപ്പുറം അതേ വിവാദ പ്രസ്താവന വീണ്ടും നടത്തിയിരിക്കുകയാണ് പി എസ് ശ്രീധരൻ പിള്ള. ശബരിമല യുവതി പ്രവേശന വിഷയത്തിലെ ബിജെപിയുടെ താത്പര്യം മതപരമോ ആചാരപരമോ അല്ല, മറിച്ച് വെറും രാഷ്ട്രീയമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് പി എസ് ശ്രീധരൻ പിള്ളയുടെ നിലപാട്.



