KeralaNews

പ്രിയങ്ക ഗാന്ധിയെ കാണാനില്ല ; കണ്ടെത്തി നൽകണം : വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബി ജെ പി

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതി. നിരവധി ആളുകൾ കൊല്ലപ്പെട്ട ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഷയങ്ങളിലും എംപിയെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദൻ പള്ളിയറ പരാതിയില്‍ ആവശ്യപ്പെടുന്നത്.

നേരത്തെ കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ് രം​ഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകിയത്. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിന് മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയിലുള്ളത്.

വിമർശനങ്ങൾക്കും പരാതികൾക്കും മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചു. ദില്ലിയിലെ ഓഫീസിൽ ചർച്ച നടത്തുന്നതിൻ്റെ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്ക് വെച്ചാണ് സുരേഷ് ഗോപിയുടെ മറുപടി. രാജ്യസഭയിൽ ഇന്നത്തെ ചർച്ചയുടെ ഭാഗമായി പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് പങ്കിട്ടത്. ഞങ്ങൾ ദില്ലിക്ക് അയച്ച നടനെ കാണാനില്ലെന്നുള്ള ഓ‌ർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിൻ്റെ പോസ്റ്റ് ചർച്ചയായിരുന്നു. തൃശൂർ എംപിയെ കാണാനില്ലെന്ന് പറഞ്ഞ് കെഎസ് യു പൊലീസിൽ പരാതി നൽകിയിരുന്നു. സുരേഷ് ഗോപി എവിടെ എന്ന് ആവർത്തിച്ച് ചോദിച്ച് വിദ്യാഭ്യാസമന്ത്രി പരിഹസിക്കുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button