
വംശീയ കലാപം തകര്‍ത്തെറിഞ്ഞ മണിപ്പൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വംശീയ കലാപം തുടങ്ങി രണ്ട് വര്‍ഷവും നാല് മാസവും പിന്നിട്ട ശേഷം നടത്തിയ സംസ്ഥാന സന്ദര്‍ശനത്തിനിടെയാണ് മോദിയുടെ പ്രതികരണം. പരസ്പരം പോരടിക്കുന്ന സംഘടനകള്‍ ‘സമാധാനത്തിന്റെ വഴി തെരഞ്ഞെടുക്കണം’ എന്ന് മോദി പറഞ്ഞു. മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മോദി പ്രതികരിച്ചു. കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു മോദിയുടെ പ്രതികരണം.
എല്ലാ സംഘടനകളും സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കണം. സ്വപ്‌നങ്ങള്‍ സാധ്യമാക്കണം. ഞാന്‍ നിങ്ങളോടൊപ്പം ഉണ്ട്, ഇന്ത്യയിലെ സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഇവിടെ വച്ച് ഇക്കാര്യം നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു എന്ന് തുടങ്ങുന്നതായിരുന്നു മോദിയുടെ പ്രസംഗം. മനോഹരമായ ഈ പ്രദേശത്തെ അക്രമം നശിപ്പിച്ചെന്നത് നിര്‍ഭാഗ്യകരമാണ്. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ നടന്നതില്‍ സംതൃപ്തിയുണ്ട്. ചര്‍ച്ച, പരസ്പര ബഹുമാനം, വിശ്വാസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സമാധാന ശ്രമങ്ങൾ നടക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് സമാധാന നീക്കങ്ങള്‍. സംസ്ഥാനത്ത് ജന ജീവിതം സാധാരണ നിലയിലാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുകയാണ്. വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക്, 7,000 പുതിയ വീടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നും മോദി പറഞ്ഞു.
‘മണിപ്പൂര്‍ പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും നാടാണ്. ഈ പ്രദേശത്തിന് മുകളില്‍ അക്രമങ്ങള്‍ കരിനിഴല്‍ വീഴ്ത്തി. ദുരിത ബാധിതരെ ഞാന്‍ സന്ദര്‍ശിച്ചു. മണിപ്പൂരിന്റെ പുതിയ പ്രഭാതത്തിന്റെ പ്രകാശമാണ് ആ മുഖങ്ങളില്‍ കണ്ടത്. മണിപ്പൂരില്‍ പരസ്പര വിശ്വാസത്തിന്റെ ഒരു പുതിയ ദിനം ഉദിച്ചുയരുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ഒരു പ്രദേശത്ത് വികസനം ഉണ്ടാകണമെങ്കില്‍ സമാധാനം അത്യാവശ്യമാണ്. വടക്കുകിഴക്കന്‍ മേഖലയിലെ നിരവധി സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും കഴിഞ്ഞ 11 വര്‍ഷത്തിനിടെ പരിഹരിക്കപ്പെട്ടു.’ ജനങ്ങള്‍ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുകയും വികസനത്തിന് മുന്‍ഗണന നല്‍കുകയും ചെയ്തു എന്നും മോദി പറഞ്ഞു. മണിപ്പൂരിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു മോദിയുടെ പ്രതികരണം.
ഏഴായിരം കോടിയുടെ വികസന പദ്ധതികള്‍ക്കാണ് മണിപ്പൂരില്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലില്‍ 1200 കോടയിയുടെ വികസന പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇംഫാലിലെ കാംഗ് ല ഫോര്‍ട്ടിലും, ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായി നടക്കുന്ന പ്രധാനമന്ത്രിയുടെ റാലികളുടെ വേദികളിലും സമീപത്തും സംസ്ഥാന, കേന്ദ്ര സേനാംഗങ്ങളെ വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്.