യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവർക്കെതിരെ പൊലീസിൽ പരാതി

യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പിലെ ക്രമക്കേട് അന്വേഷിക്കണെമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. ബിരിയാണി ചലഞ്ചിലെ പണം തട്ടിച്ചതിന് എതിരെയാണ് പരാതി. തിരുവനന്തപുരത്തെ കാട്ടാക്കട സ്വദേശി ഷഹീര്‍ ആണ് കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പരാതി നൽകിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, സംസ്ഥാന ജന. സെക്രട്ടറി അനീഷ് എസ് ടി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു, ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍, കാട്ടാക്കട നിയോജകമണ്ഡലം സെക്രട്ടറി അനന്തസുബ്രഹ്മണ്യം, നിയോജകമണ്ഡലം പ്രസിഡന്റ് ഡാനിയല്‍ പാപ്പനം എന്നിവര്‍ക്കെതിരെയാണ് പരാതി.
ജനങ്ങളെ കബളിപ്പിച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് പരാതിയിലുണ്ട്. തട്ടിപ്പ് നടന്നുവെന്ന് പ്രാദേശിക നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. കെ പി സി സി അധ്യക്ഷനും രാഹുല്‍ മാങ്കൂട്ടത്തിലിനും നേതാക്കള്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ഇത് മാധ്യമങ്ങളിലൂടെ പുറത്തുവന്നുവെന്നും പരാതിയിൽ പറയുന്നു. സണ്ണി ജോസഫിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നല്‍കിയ പരാതിയുടെ പകര്‍പ്പും പൊലീസിന് കൈമാറി.