KeralaNews

പൊലീസ് അതിക്രമം; പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളെന്ന് മുഖ്യമന്ത്രി, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്യുന്ന പൊലീസ് അതിക്രമ സംഭവങ്ങളില്‍ മുന്നണി യോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും പൊലീസിന്റെ ഭാഗത്തുനിന്നും തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെ വീഴ്ച്ചകള്‍ പര്‍വ്വതീകരിച്ച് കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി വിശദീകരണം നടത്തിയത്. എസ് ഐ ആര്‍ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിന് ഒരു പിന്തുണയും നല്‍കാന്‍ സാധിക്കില്ലെന്നും ബിജെപി സര്‍ക്കാരിന്റെ ആലോചനയുടെ ഭാഗമാണ് എസ് ഐ ആര്‍, കേരളത്തിലെ ജനങ്ങള്‍ ജാഗരൂകരായി ഇരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ പഴക്കമുളള കേസുകളാണ് ഇപ്പോള്‍ ഉയര്‍ത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തെ പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തിന്റെ ഇരയാണ് താനെന്നും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ‘അടിയന്തരാവസ്ഥ കാലത്തെ പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തിന് ഇരയാണ് ഞാന്‍. അന്ന് ഞങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ പിന്നീട് യുഡിഎഫ് നടപടി എടുത്തിട്ടുണ്ടോ? കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കില്ല. സസ്‌പെന്‍ഡ് ചെയ്തു. ഇതിനപ്പുറം നടപടി സ്വീകരിക്കണമെങ്കില്‍ നടപടിക്രമങ്ങളുണ്ട്. എല്‍ഡിഎഫ് കാലത്ത് പൊലീസ് സ്റ്റേഷന്‍ മര്‍ദന കേന്ദ്രമാക്കില്ല. പൊലീസ് സ്റ്റേഷന്‍ മര്‍ദനം സര്‍ക്കാരിന് കോട്ടമല്ല’: ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button