KeralaNews

‘പൊലീസ് ജനകീയ സേന ആയിരിക്കാനാണ് പ്രാമുഖ്യം നല്‍കുന്നത്’; കേരള പൊലീസ് പല തലങ്ങളില്‍ രാജ്യത്തിന് മാതൃകയെന്നും മുഖ്യമന്ത്രി

പൊലീസ് ജനകീയ സേനയായിരിക്കാനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും സര്‍ക്കാരിന്റെ കാഴ്ചപ്പാട് സേന പ്രതിജ്ഞാബദ്ധമായി നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നയങ്ങള്‍ അതിന്റെ അന്തഃസത്ത ചോരാതെ നടപ്പാക്കാന്‍ ചുമതലപ്പെട്ടവരാണ് പൊലീസ്. അത് കൃത്യമായി നിര്‍വഹിക്കാന്‍ പോലീസിന് കഴിയുന്നു എന്നതാണ് വലിയ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കെ പി എസ് ഒ എ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് മറ്റു പ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമായി കലാപവും ജീവഹാനിയും നടക്കുന്നുണ്ട്. എന്നാൽ, നമ്മുടെ നാട് മാതൃകാപരമാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയുന്നുണ്ട്. വര്‍ഗീയ സംഘടനകള്‍ ഇല്ലാത്ത നാടാണ് കേരളം എന്ന് ആരും തെറ്റിദ്ധരിക്കരുത്. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ വലിയതോതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചില സംഘടനകള്‍ക്ക് വലിയ സ്വാധീനം കേരളത്തില്‍ പണ്ടേയുണ്ട്. ഈ സംഘടനകള്‍ മറ്റു പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നു. ഇവിടെ ആ തരത്തിലുള്ള സംഘര്‍ഷങ്ങളിലേക്ക് ഉയരുന്നില്ല. അതിന് കാരണം വര്‍ഗീയതയോടും വര്‍ഗീയ പ്രശ്‌നങ്ങളോടും വര്‍ഗീയ സംഘര്‍ഷങ്ങളോടും സ്വീകരിക്കുന്ന നിലപാടാണ്. ഇതില്‍ ഏറ്റവും പ്രധാനം പൊലീസിന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

മുഖം നോക്കാതെയുള്ള നടപടി കേരളത്തില്‍ പൊലീസിന് സ്വീകരിക്കാന്‍ കഴിയുന്നുണ്ട്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം പൊതുവേ കേരളം സ്വീകരിക്കുന്നുണ്ട്. അത് ശരിയായ രീതിയില്‍ നടപ്പാക്കാന്‍ പൊലീസ് സേനയ്ക്ക് കഴിയുന്നു. ഇതാണ് അഭിമാനകരമായ സാഹചര്യം സൃഷ്ടിക്കുന്നത്. മതനിരപേക്ഷ പാരമ്പര്യത്തിന് വലിയ പോറലേല്‍ക്കാതെ മുന്നോട്ടുപോകാന്‍ കഴിയുന്നുണ്ട്. മറ്റുതരത്തിലുള്ള സമാധാനം ഇല്ലാതാക്കുന്ന ശ്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സേനക്ക് കഴിഞ്ഞിട്ടുണ്ട്.

കേരള പൊലീസ് പല തലങ്ങളില്‍ രാജ്യത്തിന് മാതൃകയാണ്. ഇന്നത്തെ കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകി വരുമ്പോൾ സൈബര്‍ രംഗത്ത് മികച്ച പ്രകടനമാണ് കേരള പൊലീസ് കാഴ്ചവെക്കുന്നത്. രാജ്യത്ത് ഒന്നാം സ്ഥാനം നേടിയെടുക്കാന്‍ കേരള പൊലീസിന് കഴിഞ്ഞു. കേരളത്തിൽ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പൊലീസിന് കഴിയുന്നു. കുറ്റം ചെയ്തത് ആരാണെന്ന് നോക്കി പ്രത്യേക സമീപനം എന്ന നിലപാട് കേരളത്തില്‍ ഇല്ല. കുറ്റവാളികളോട് മുഖം നോക്കാതെയുള്ള സമീപനം സ്വീകരിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. അക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സമ്മര്‍ദവും ഒരുതരത്തിലും ഉണ്ടാകുന്നില്ല. തെറ്റ് സംഭവിച്ചാല്‍ തെറ്റിനെതിരെയുള്ള നടപടികള്‍ കര്‍ക്കശമായി സ്വീകരിക്കും. സേനയും സര്‍ക്കാരും ആ നിലയാണ് സ്വീകരിക്കുന്നത്. ശരിയായ നിലപാട് പ്രോത്സാഹിപ്പിക്കുന്നത് പോലെ തെറ്റ് ചെയ്താല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സേന മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ട സേനയാണ്. അതിനകത്ത് ക്രിമിനലുകള്‍ക്ക് സ്ഥാനം ഉണ്ടാകില്ല. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ എല്ലാ തരത്തിലും പ്രോത്സാഹിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെത്. നീതി നടപ്പിലാക്കാന്‍ ആരുടെയും അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ല. ഒരു തരത്തിലുള്ള ബാഹ്യസമ്മർദവും പൊലീസിനു മേല്‍ ഉണ്ടാകുന്നില്ല. ഇനിയും ആ നിലയില്‍ തന്നെ മുന്നോട്ട് പോകണം.

ലഹരിയുടെ വേരറുക്കുന്നതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അരുത്. അവര്‍ക്ക് ആസൂത്രിത കുതന്ത്രങ്ങളുണ്ട്. അതിനെ എല്ലാ തരത്തിലും പരാജയപ്പെടുത്താന്‍ കഴിയണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ ദുഷ്ട ശക്തികളും ഒത്തുചേരും. നാട്ടില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും. നമ്മള്‍ നല്ലതാണെന്ന് കരുതുന്നത് ദുഷ്ട ശക്തികള്‍ക്ക് അലോസരം ഉണ്ടാക്കുന്നതായിരിക്കും. ഇത് തിരിച്ചറിയുന്നതില്‍ നല്ല ജാഗ്രത പുലര്‍ത്തണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും പൊലീസില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. സ്റ്റേഷനില്‍ എത്തുന്ന ആളുകള്‍ക്ക് എല്ലാ തരത്തിലും നീതി ലഭ്യമാകണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button