
ആളുകള്‍ അകറ്റിനിര്‍ത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ലെന്നും പിണറായി വിജയൻ. നിലമ്പൂർ ചുങ്കത്തറ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ചയാൾ കാണിച്ച വഞ്ചനയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാഷ്ട്രീയ പോരാട്ടത്തിന് സ്വീകാര്യനായ സ്ഥാനാർത്ഥിയാണ് നിർത്തിയിരിക്കുന്നത്. ശരിയായ നന്മയുടെ രാഷ്ട്രീയമാണ് എല്‍ ഡി എഫ് മുന്നോട്ടുവെക്കുന്നത്. നില്‍ക്കക്കള്ളിയില്ലാതെ എന്ത് നിലപാടും സ്വീകരിക്കുന്ന അവസ്ഥയാണ് യു ഡി എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സ്വീകാര്യതക്ക് വേണ്ടി പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ട്. ജമാഅത്ത് ഇസ്ലാമിയുടെ ദിനപത്രത്തിൻ്റെയും ചാനലിൻ്റെയും ഉദ്ഘാടനങ്ങൾക്ക് അന്നത്തെ പാണക്കാട് തങ്ങളെ ക്ഷണിച്ചിരുന്നു. അന്ന് പാണക്കാട് തങ്ങള്‍ പോയിരുന്നോ? ഇന്നത്തെ ലീഗ് നേതൃത്വം പരിശോധിക്കുന്നത് നന്നാകും. ആ ഉദ്ഘാടനങ്ങൾക്ക് പാണക്കാട് തങ്ങൾ പങ്കെടുത്തിരുന്നില്ല.
ജമാഅത്തെ ഇസ്ലാമിക്ക് എന്ത് മാറ്റമാണുണ്ടായത്. ലീഗിന്റെ നേതൃത്വം അറിയാതെ അവരുമായി കൂട്ടുകൂടാൻ തീരുമാനമെടുത്തു എന്ന് കരുതാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് എതിർക്കാൻ തയ്യാറുള്ള ആരൊക്കെയുണ്ട് അവരുടെയൊക്കെ സഹായം തേടാം എന്ന അവസരവാദ നിലപാട് യുഡിഎഫ് സ്വീകരിച്ചു.