
കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജില്ലാതല യോഗത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 14 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന കനാല്‍ സിറ്റിക്കായി പത്തേക്കര്‍ ഭൂമി ഏറ്റെടുക്കും. 1,118 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. വലിയ കപ്പല്‍ അടുപ്പിക്കുന്നതിനുള്ള ആഴംകൂട്ടല്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ ഒരുക്കുന്നതിനായി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് മീറ്റര്‍ ആഴം കൂട്ടുന്ന പ്രവൃത്തികളുടെ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മഴക്കാല പഠനം ഉള്‍പ്പെടെ നടത്തി ഒക്ടോബറില്‍ പൂര്‍ത്തിയാക്കും.
വിലങ്ങാട് ദുരിതബാധിതരുടെ പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും. വീട് പൂര്‍ണമായി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതവും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതവും 488 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ട 77 കുടുംബങ്ങള്‍ക്ക് ദിവസം 300 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്.
വയനാട് തുരങ്കപാതക്കായി വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. തടസ്സങ്ങളൊന്നുമില്ല. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുകയും ഇപിസി ടെന്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ പ്രവൃത്തി വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നു. വെങ്ങളം-രാമനാട്ടുകര റീച്ചില്‍ 95 ശതമാനവും അഴിയൂര്‍-വെങ്ങളം റീച്ചില്‍ 65 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു.