
അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന് സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അപലപനീയ നടപടിയാണെന്നും മന്ത്രി പറഞ്ഞു. തെറ്റായ കീഴ്വഴക്കമാണെന്നും കൃത്യമായ കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഡിനൈഡ് എന്ന് മാത്രം ആണ് അറിയിപ്പ് വന്നതെന്നും പി രാജീവ് അറിയിച്ചു.
‘സമ്മേളനത്തിലെ ഒരു സെഷനില്‍ പേപ്പര്‍ അവതരിപ്പിക്കാന്‍ മന്ത്രി എന്ന നിലയില്‍ ക്ഷണം ലഭിച്ചിരുന്നു. വ്യവസായ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും ക്ഷണം ലഭിച്ചിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ സെക്രട്ടറിക്കും ക്ഷണം ലഭിച്ചു. കേരളത്തിന് ലഭിക്കുന്നത് രാജ്യത്തിനു കൂടി കിട്ടുന്ന അംഗീകാരമാണ്. ആര് പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നത് സംഘടകരാണ്. പ്രബന്ധം ഓണ്‍ലൈന്‍ ആയി അവതരിപ്പിക്കാന്‍ ശ്രമിക്കും. ഓണ്‍ലൈന്‍ ആയി അവതരിപ്പിക്കാന്‍ കഴിയുമോ എന്നതില്‍ അനുമതി ചോദിച്ചിട്ടുണ്ട്’, പി രാജീവ് പറഞ്ഞു.
എന്നാല്‍ തനിക്ക് അനുമതി നല്‍കാതെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ സെക്രട്ടറിക്ക് മാത്രം അനുമതി ലഭിച്ചെന്നും നാടിനാകെ അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭമായിരുന്നുവെന്നും പി രാജീവ് പറഞ്ഞു. 152 രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു. രണ്ടു ദിവസത്തെ യാത്രയായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും രാജീവ് പറഞ്ഞു. പ്രബന്ധം അവതരിപ്പിച്ചാല്‍ ഉടന്‍ തിരിച്ചുവരാന്‍ ആണ് ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാനത്തിന്റെ പ്രതിഷേധം ശക്തമായി അറിയിച്ചിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.