
കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ജോലി ചെയ്തിരുന്ന ചെറുപ്പക്കാർ തിരികെ കേരളത്തിലേക്ക് വരുന്നതായും, നമ്മുടെ നാട്ടിൽ ‘റിവേഴ്‌സ് മൈഗ്രേഷൻ’ ട്രെൻഡാവുന്നതായും മന്ത്രി പി രാജീവ്. ‘ബ്യൂട്ടൈൽ’ എന്ന (beautile) ഒരു സ്വകാര്യ സംരംഭത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സംരംഭങ്ങൾക്കും, വിദേശരാജ്യങ്ങളിലേതിന് സമാനമായ പ്രൊഫഷണൽ കരിയർ പിന്തുടരുന്നതിനുമുള്ള വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഇന്നുള്ളതെന്നും മന്ത്രി പറഞ്ഞുവെച്ചു.
ബ്യൂട്ടൈൽ ആരംഭിച്ചവർ ദീർഘകാലം യു കെയിൽ പ്രവർത്തിച്ചവരാണ്. അവർക്ക് സ്വന്തം നാട്ടിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സംരംഭം ആരംഭിക്കാനുള്ള വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.
ഐബിഎം ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ കേരളത്തിൽ കൊണ്ടുവന്നപ്പോഴുണ്ടായ റിവേഴ്‌സ് മൈഗ്രേഷനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. വിദേശരാജ്യങ്ങളിലെ ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങൾ മൂലം എത്രകാലം നമുക്കവിടെ നിൽക്കാനാകും എന്നുറപ്പില്ല. എന്നാൽ, തിരികെ വരുന്നവരെ സ്വന്തം നാട് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്യൂട്ടൈൽ പോലെയുള്ള ബിസിനസുകൾ നമ്മുടെ നാട്ടിൽ വരുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൂഫിംഗ്, ഫ്ലോറിംഗ് മേഖലയിൽ ഗുണമേന്മയുള്ള സേവനം നൽകുന്ന സ്ഥാപനമാണ് ബ്യൂട്ടൈൽ.