KeralaNews

ജലീലിന് ബന്ധുനിയമനം കയ്യോടെ പിടികൂടിയതിലുള്ള അമർഷം : പരിഹസിച്ച് പി കെ ഫിറോസ്

മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീൽ എംഎഎൽഎയെ പരിഹസിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ബന്ധുനിയമനം കയ്യോടെ പിടികൂടിയതിലുള്ള അമർഷമാണ് ജലീലിനെന്നും ദാവൂദുമായി ബന്ധമുണ്ടെന്നേ ഇനി പറയാനുള്ളൂവെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ആയിരുന്ന ഘട്ടത്തിലെ അഴിമതി പുറത്ത് വരുന്നു എന്നറിഞ്ഞ വെപ്രാളത്തിലാണ് അദ്ദേഹം.തലയിൽ മുണ്ടിട്ട് നട്ടക്കേണ്ടി വരുമോ എന്ന ഭീതിയാണ്. മനോനില തെറ്റിയ നിലയിലാണ് അദ്ദേഹമുള്ളത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. താൻ തൊഴിലും ബിസിനസും ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കൊപ്പത്തെയും ഹൈലൈറ്റ് മാളിലേയും സ്ഥാപനത്തിൽ പങ്കാളിത്തം ഉണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനിയും ബിസിനസുകൾ ഉണ്ടെന്നും ഫിറോസ് വ്യക്തമാക്കി.

ദോത്തി ചലഞ്ച് എന്ന പേരിൽ തട്ടിപ്പു നടത്തിയെന്ന ആരോപണത്തിലും ഫിറോസ് പ്രതികരിച്ചു. മൂന്ന് വർഷം കഴിഞ്ഞിട്ടും മുണ്ട് പൊക്കി കാണിക്കാൻ കഴിഞ്ഞെങ്കിൽ മോശം മുണ്ടല്ലെന്നായിരുന്നു മറുപടി. ജലീൽ യൂത്ത് ലീഗ് സംഘടന സെക്രട്ടറി ആയപ്പോൾ ഫണ്ട് ദുരുപയോഗം ചെയ്തോയെന്നും ഫിറോസ് ചോദിച്ചു. ഉറപ്പില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മലയാള സർവകലാശാലയുടെ ഭൂമി ഇടപാടുമായി ജലീൽ നേരിട്ട് ബന്ധപ്പെട്ടു. നിർണായകമായ തെളിവുകൾ പുറത്ത് വിടുമെന്നും കോടി കണക്കിന് രൂപയുടെ അഴിമതി വിവരങ്ങൾ പുറത്ത് വരുമെന്നും ഫിറോസ് വ്യക്തമാക്കി. താൻ ബിസിനസ് നടത്തുന്നത് പാർട്ടിക്കറിയാം. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. ഭീഷണിപ്പെടുത്തുമെന്നതിനാലാണ് കമ്പനി ഉടമയെ പറയാത്തത്. തനിക്ക് ജോബ് കാർഡ് നേരത്തേ ഉണ്ടെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

പി കെ ഫിറോസ് റിവേഴ്‌സ് ഹവാലയാണ് നടത്തുന്നതെന്നതടക്കം ആരോപണങ്ങൾ കെടി ജലീൽ എംഎൽഎ ഉന്നയിച്ചിരുന്നു. ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീൽ പറഞ്ഞിരുന്നു. പി കെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവർത്തകർ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഉന്നാവോ, കത്വ പെൺകുട്ടികളുടെ പേരിൽ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയിൽ നിന്ന് കോടിക്കണക്കിന് രൂപ സർക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗൾഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കൊപ്പത്തെ ഫ്രാഞ്ചൈസിക്ക് പുറമേ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ‘യമ്മി ഫ്രൈഡ് ചിക്കന്‍’ എന്ന ഷോപ്പും പികെ ഫിറോസിന്റേതാണെന്ന് കെടി ജലീൽ ആരോപിച്ചിരുന്നു. ഹൈലൈറ്റ് മാളിലെ സ്ഥാപനത്തില്‍ ഒരു പങ്കാളിത്തവുമില്ലെങ്കില്‍ ഫിറോസ് അത് കണ്ണടച്ച് നിഷേധിക്കണമെന്നും അല്ലെങ്കില്‍ മറ്റൊരു ബിനാമിയെ മുന്നില്‍ നിര്‍ത്തി ഫിറോസ് നടത്തുന്നത് തന്നെയാണ് ആ സ്ഥാപനമെന്ന് നാട്ടുകാര്‍ ഉറപ്പിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button