KeralaNews

കൊടി സുനിയുടെ പരസ്യ മദ്യപാനം; കൊടി ആയാലും വടി ആയാലും നടപടിയുണ്ടാകുമെന്ന് പി ജയരാജൻ

കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ പ്രതികരണവുമായി ജയിൽ ഉപദേശക സമിതിയംഗം പി ജയരാജൻ. കൊടി ആയാലും വടി ആയാലും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തടവ് അനുഭവിക്കുന്നവർ അകത്തും പുറത്തും അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണ്. ആര് അച്ചടക്കം ലംഘിച്ചാലും നടപടിയുണ്ടാകുമെന്നും അദ്ദഹം പറഞ്ഞു. അതാണ് പിണറായി സർക്കാരിന്റെ നയം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി എടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് 15 ദിവസത്തേക്ക് പരോൾ അനുവദിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ടി കെ രജീഷിന് പരോൾ അനുവദിച്ചത്. മറ്റാരെങ്കിലും തെറ്റ് ചെയ്തതിന്റെ പേരിൽ രജീഷിന് പരോൾ നൽകാതിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു പരോൾ അനുവദിച്ചതിൽ പി ജയരാജൻ പ്രതികരിച്ചത്.

കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളിൽ പൊലീസ് കാവലിൽ കൊടി സുനിമദ്യപിക്കുന്നത് വ്യക്തമായിരുന്നു. മദ്യം കൊണ്ടുവന്ന വാഹനത്തിന്റെ നമ്പറും ഇതിൽ ദൃശ്യമായിരുന്നു. തലശ്ശേരിയിലെ ഹോട്ടലിന് മുന്നിൽ കഴിഞ്ഞ മാസം 17നായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. വകുപ്പുതല അന്വേഷണത്തിന് ശേഷം സിപിഒ ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവർക്കെതിരായിരുന്നു നടപടി സ്വീകരിച്ചത്. ഇതിന്റെ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

ടിപി വധക്കേസിൽ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി മൂന്നിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതായി കോടതി പിരിഞ്ഞിരുന്നു. ഈ സമയം ഭക്ഷണം വാങ്ങി നൽകുന്നതിനായി പ്രതികളെ പൊലീസ് സമീപത്തെ വിക്ടോറിയ ഹോട്ടലിൽ എത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കൾ ഇവിടേയ്ക്ക് എത്തുകയും പൊലീസിന്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിച്ചു എന്നുമായിരുന്നു പരാതി. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും പൊലീസിന് വീഴ്ച സംഭവിച്ചതായി വ്യക്തമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button