
ബിഹാര്‍ വോട്ടര്‍ പട്ടികയിലും വോട്ട് മോഷണ ആരോപണത്തിലും പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി വോട്ട് ചോരി മുദ്രാവാക്യം വിളിച്ചതോടെ ഇരുസഭകളും രണ്ട് മണിവരെ പിരിഞ്ഞു. പാര്‍ലമെന്റ് കവാടത്തിന് മുന്നിലും ഇന്ത്യ സഖ്യം പ്രതിഷേധം തീര്‍ത്തു.
എസ് ഐ ആര്‍, വോട്ട് ചോരി വിഷയങ്ങള്‍ പൂര്‍ണമായും വര്‍ഷകാല സമ്മേളനത്തെ സ്തംഭിപ്പിക്കുകയാണ്. പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ഇന്നും പ്രതിപക്ഷ ഇന്ത്യാ സഖ്യം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകളുയര്‍ത്തിയും പ്രതിഷേധിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷം യോജിച്ച പ്രതിഷേധം ശക്തമാക്കുകയാണ് ഇന്ത്യാ സഖ്യം.
ഇരുസഭകളിലും ചട്ടം 267 പ്രകാരം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സഭാധ്യക്ഷന്മാര്‍ പതിവുപോലെ അനുവദിച്ചില്ല. തുടര്‍ന്ന് ലോക്സഭയില്‍ ചോദ്യോത്തര വേളയും ബഹളത്തില്‍ മുങ്ങി. അതിനിടെ, ബിഹാറിലെ സസാറാമില്‍ ആരംഭിച്ച വോട്ട് അധികാര്‍ യാത്ര പുരോഗമിക്കുകയാണ്. 38 ജില്ലകളിലായി 1,300 കിലോമീറ്റര്‍ പര്യടനം നടത്തുന്ന വോട്ടവകാശ യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ മഹാറാലിയോടെ സമാപിക്കും.