KeralaNews

ഓപ്പറേഷന്‍ സിന്ദൂര്‍ 29ാം തിയതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും; 16 മണിക്കൂര്‍ സമയം അനുവദിച്ചു

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള വിശദമായ ചര്‍ച്ച പാര്‍ലമെന്റില്‍ ജൂലൈ 29ന് നടക്കും. 16 മണിക്കൂര്‍ വിശദമായി വിഷയത്തില്‍ ചര്‍ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ സംസാരിക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച ചേര്‍ന്ന ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിലാണ് ചര്‍ച്ചയ്ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായത്. രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കുന്നതിനുള്ള പ്രമേയം ബിജെപി നേതാവ് ഷാമിക് ഭട്ടാചാര്യയാണ് അവതരിപ്പിക്കുക.

സര്‍വകക്ഷി യോഗത്തില്‍ പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം, അഹമ്മദാബാദ് വിമാന അപകടം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സഭകളിലും വിശദീകരിക്കണമെന്നും പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ചു.രാജ്യസഭാ കാര്യ ഉപദേശക സമിതിയും ലോക സഭാ കാര്യഉപദേശക സമിതിയും ചേരുമ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ ഉറപ്പ് നല്‍കി.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു വിഷയത്തില്‍ നിന്നും കേന്ദ്രം ഒഴിഞ്ഞുമാറില്ലെന്നും സഭ സുഗമമായി നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പുനല്‍കി. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്. സര്‍വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള സുപ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സഭയുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഏകോപനം ഉണ്ടായിരിക്കണം – അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button