
ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ചമച്ചും ഓണ്‍ലൈന്‍ വഴി വ്യാജപേരുകളിലുമാണ് തട്ടിപ്പ് നടക്കുന്നത്. വ്യാജ ഓഫറുകള്‍ നല്‍കിയും പണം തട്ടാന്‍ ശ്രമിക്കുന്നതായി തുടരെ പരാതികള്‍ ലഭിക്കുന്നതായും ഈ തട്ടിപ്പില്‍ വഞ്ചിതരാകരുതെന്നും രാജ്ഭവന്‍ അറിയിച്ചു. ഇത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ അപ്പോള്‍ തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും രാജ്ഭവന്‍ വക്താവ് അറിയിച്ചു.
പല പേരിലും ചില വ്യാജന്മാര്‍ ബംഗാള്‍ ഗവര്‍ണറുമായി ബന്ധമുള്ള പലരെയും ഫോണില്‍ വിളിച്ചും നേരിട്ടും തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇടക്കാലത്ത് അതിന് വിരാമമുണ്ടായെങ്കിലും വീണ്ടും പരാതി ഉയര്‍ന്നുവരുന്നുണ്ട്.
രാജ്ഭവന്റെയോ ഗവര്‍ണറുടെയോ പേരില്‍ വ്യാജ അക്കൗണ്ടുകളിലൂടെ ആരെങ്കിലും സാമ്പത്തിക ഇടപാടുകള്‍ക്ക് ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ ആധികാരികത ഉറപ്പാക്കണമെന്നും സംശയകരമായ സന്ദേശങ്ങള്‍ അതതു സ്ഥലത്തെ പോലീസ് / സൈബര്‍ സെല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും രാജ്ഭവന്‍ അറിയിച്ചു.