
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ കേഡര്‍ റൈറ്റ്സ് റിട്രീവല്‍ കമ്മിറ്റി എന്‍ഡിഎ വിട്ടു. എന്‍ഡിഎയുമായി ബന്ധം അവസാനിപ്പിക്കുന്നതായും ഇനി സഖ്യത്തില്‍ തുടരില്ലെന്നാണ് പ്രഖ്യാപനം.
ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) ഇനി തുടരില്ലെന്നാണു പനീര്‍ശെല്‍വവും മറ്റ് പാനല്‍ അംഗങ്ങളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ ഏത് മുന്നണിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യം മാറുന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും നേതാക്കള്‍ പറഞ്ഞു.
പൊതുജന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനീര്‍ശെല്‍വം ഉടന്‍ തന്നെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ഒപിഎസ് വിഭാഗത്തിന്റെ പിന്മാറ്റം ബിജെപി- അണ്ണാ ഡിഎംകെ സഖ്യത്തിന് കനത്ത തിരിച്ചടിയായേക്കും. നേരത്തെ ഒപിഎസ് നയിക്കുന്ന എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം എന്‍ഡിഎയില്‍ എത്തിയതോടെ ഒപിഎസ് മുന്നണി വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.