
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഹാരാഷ്ട്ര മന്ത്രിസഭയില്‍ പുനഃസംഘടന. സംസ്ഥാനത്തെ പ്രധാന ഒബിസി മുഖങ്ങളിലൊരാളും എന്‍സിപി നേതാവുമായ ഛഗന്‍ ഭൂജ്ബലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍, മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സന്തോഷ് ദേശ്മുഖ് കെലപാതകക്കേസില്‍ അടുത്ത അനുയായിയായ വാല്‍മീകി കരാഡ് അറസ്റ്റിലായതിന് പിന്നാലെ എന്‍സിപി നേതാവും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഭൂജ്ബല്‍ എത്തുന്നത്. ഭൂജ്ബലിന്റെ വരവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് മഹായൂതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അധികാരത്തിലേറി അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഛഗന്‍ ഭൂജ്ബലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് എന്‍സിപിയില്‍ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ വ്യാപക അതൃപ്തിക്ക് കാരണമായിരുന്നു. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പരസ്യമായി പ്രതികരിച്ച് ഭൂജ്ബലും രംഗത്തെത്തിയിരുന്നു. എല്ലാം അന്ധമായി പിന്തുടരുന്ന നിങ്ങളുടെ കയ്യിലെ കളിപ്പാട്ടമല്ല താന്‍ എന്നായിരുന്നു അജിത് പവാറിനെ ഉന്നംവെച്ച് ഛഗന്‍ അന്ന് പ്രതികരിച്ചത്. തന്നെ മന്ത്രിയാക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് താത്പര്യക്കുറവുണ്ടായിരുന്നില്ലെന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ അജിത് പവാറാണെന്നും ഛഗന്‍ തുറന്നടിച്ചിരുന്നു.