
എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യശ്രമങ്ങളെ സ്വാഗതം ചെയ്തും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ചും സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. എല്ലാ സാമുദായിക വിഭാഗങ്ങളും ഐക്യപ്പെടുന്നത് നല്ല കാര്യമാണെന്നും ഇത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യുന്നുമെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങൾ തമ്മിലുള്ള ഐക്യം സമൂഹത്തിന് ഗുണകരമാണെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.ഡി.എഫും പ്രതിപക്ഷ നേതാവും വർഗീയതയ്ക്ക് ഒപ്പമാണെന്ന് അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസിനും ജമാഅത്തെ ഇസ്ലാമിക്കും മുന്നിൽ വി.ഡി. സതീശൻ വഴങ്ങുകയാണ്. നേരത്തെ ആർ.എസ്.എസിന് മുന്നിൽ കീഴടങ്ങിയതുപോലെ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെ യു.ഡി.എഫ് കൂടെക്കൂട്ടുകയാണ്. വർഗീയ നിലപാടുകളുള്ള സംഘടനകളെ കൂട്ടുപിടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.



