
ദേശീയ പാത തകർച്ചയിൽ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് വലിയ തോതില്‍ ഇലക്ട്രല്‍ ബോണ്ട് നല്‍കിയിട്ടുള്ള കമ്പനികള്‍ക്കാണ് ദേശീയപാത നിര്‍മ്മാണത്തിന്‌റെ കരാര്‍ നല്‍കിയിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടികാട്ടി. 980 കോടി രൂപ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് കൊടുത്ത കമ്പനി വരെ പട്ടികയിലുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേ സമയം സ്മാര്‍ട് റോഡുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലെങ്കില്‍ കേരളത്തില്‍ എന്‍എച്ച് 66 ഉണ്ടാവുമായിരുന്നില്ല എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി പുനര്‍ജീവിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന് കേരളത്തോട് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. മറ്റൊരു സംസ്ഥാനത്തോടും കേന്ദ്രം ഇങ്ങനെ പറഞ്ഞിരുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം പണം 6,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി നല്‍കിയിട്ടാണ് ദേശീയപാത അംഗീകരിച്ചത്. അതിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യേണ്ടത് ദേശീയപാത അതോറിറ്റിയാണെന്നും എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ കേരളത്തില്‍ പദ്ധതി നടപ്പാക്കാന്‍ എല്ലാ രീതിയിലും ഇടപെട്ടത് ഇടതുസര്‍ക്കാരാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ടാണ് പ്രശ്നപരിഹാരത്തിന് ഇടപെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.