
ദില്ലിയിലെ മലയാളി വിദ്യാർത്ഥികളുടെ അന്യായ അറസ്റ്റിൽ സമഗ്ര അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കുറ്റവാളികളെ പോലെയാണ് മുണ്ടുടുത്തതിന്റെ പേരിൽ പൊലീസും പൊലീസിന്റെ ഗുണ്ടകളും അക്രമിച്ചത്. ഇത്തരം പ്രവണതകളെ അതിശക്തമായി എതിർക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ. ഇത് മതിനിരപേക്ഷതയ്ക്ക് കളങ്കമാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കണം. മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ കേരളത്തെ സംബന്ധിച്ച് സുപ്രധാനമാണ്. കള്ള പ്രചാരണമാണ് വിദ്യാർത്ഥികൾക്ക് നേരെ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണപാളി വിവാദത്തിലും എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ആരോപണം ഉന്നയിച്ചത് ഉണ്ണി കൃഷ്ണൻ പോറ്റി തന്നെയാണ്. നിലവിൽ ഉയർന്ന ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഒന്നൊഴിയാതെ എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടക്കും. കുറ്റക്കാരെ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിൽ നിന്ന് നയാപൈസ പോലും ഇടതുപക്ഷത്തിന് ആവശ്യമില്ല. ഫലപ്രദമായ അന്വേഷണം നടക്കട്ടെ എന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായം. സത്യസന്ധമായി കാര്യങ്ങൾ കൃത്യമായി അന്വേഷിക്കണം. ഏത് അന്വേഷണമാണ് വേണ്ടത് അത് നടക്കട്ടെയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.