
അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരാമര്‍ശിച്ച് പ്രമോദ് നാരായണ്‍ എംഎല്‍എ. ശിശുഹത്യയില്‍ പാപബോധം തോന്നാത്തവര്‍ക്കൊപ്പം ഇരിക്കുന്നവര്‍ക്ക് സ്ത്രീയായ മന്ത്രിയെ ആക്ഷേപിക്കുന്നതില്‍ ആനന്ദം തോന്നും. ആ ആനന്ദത്തിന് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ജനങ്ങള്‍ മരുന്ന് നല്‍കിയെന്നും ആ മരുന്ന് അവര്‍ക്കിനിയും ലഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച കെ യു ജനീഷ് കുമാര്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും പ്രതിപക്ഷത്തിനെതിരെയും പരിഹാസമുണ്ടായി. ചില എംഎല്‍എമാരൊക്കെ ഉറങ്ങാന്‍ പോലും പാരസെറ്റാമോളും സിട്രിസനും ഒക്കെ കഴിക്കുന്നതായിട്ടാണ് പുറത്തുവന്ന വിവരമെന്ന് അദ്ദേഹം പറഞ്ഞു. മരുന്ന് ലഭിക്കുന്നില്ല എന്ന് പ്രതിപക്ഷ നിരയിലെ ഏതെങ്കിലും എംഎല്‍എമാര്‍ക്ക് ഇപ്പോള്‍ പറയാന്‍ ധൈര്യമുണ്ടോയെന്നും ചിലര്‍ യഥാര്‍ഥ എംഎല്‍എമാരാണോ വ്യാജന്മാരാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമീബിക് മസ്തിഷ്ക ജ്വരത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിക്കും വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഭരണപക്ഷ എംഎല്‍എമാര്‍ ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത്.