
ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്‍റില്‍ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ ഓണ്‍ ലൈന്‍ ഗെയിമിങ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു.
തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്‍റില്‍ ഉയര്‍ന്നത്. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുന്നത്. ബില്ല് അവതരിപ്പിച്ച ശേഷം സൂക്ഷ്മ പരിശോധനക്കായി ജെപിസിക്ക് വിടാനാകും സാധ്യത. രാവിലെ മുതല്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്‍റില്‍ പുതിയ ബില്ലിനെതിരെയും, വോട്ടർപട്ടിക ക്രമക്കേടിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പല കുറി ചേരുകയും പിരിയുകയും ചെയ്യുന്നതിനിടെ മന്ത്രി അശ്വിനി വൈഷ്ണവ് ഓണ്‍ ലൈന്‍ ഗെയിമിംഗ് ബില്ല് അവതരിപ്പിച്ചു.
ബെറ്റിംഗ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ബില്ലിന് ഇന്നലെ കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയിരുന്നു. ബഹളം തുടരുന്ന പ്രതിപക്ഷത്തിന് നേരെ പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഉച്ചക്ക് ശേഷം വിവാദ ബില്ല് അവതരിപ്പിച്ചേക്കും. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, മന്ത്രിമാർ എന്നിവര്‍ തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിഞ്ഞാല്‍ സ്ഥാനം നഷ്ടമാകുമെന്നതാണ് ബില്ലിലെ വ്യവസ്ഥ. അഴിമതി ഇല്ലാതാക്കാനെന്ന പേരിലാണ് ബില്ല് കൊണ്ടുവരുന്നതെങ്കിലും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിമാരേയും, മന്ത്രിമാരേയും ഉന്നമിട്ടുള്ള ബില്ലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ നീക്കാനുള്ള നിയന്ത്രണവും കേന്ദ്രത്തിലേക്ക് എത്തുകയാണ്.