KeralaNews

ഇതെന്താ നാഥനില്ലാ കളരിയാണോ?, നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ഒരു പാര്‍ട്ടിക്ക് വേണ്ടത് ലീഡര്‍ഷിപ്പാണ്. ലീഡര്‍ഷിപ്പ് കഴിവുള്ളവരാണെന്ന് കണ്ടാലേ ജനങ്ങള്‍ കൂടെ നില്‍ക്കൂ. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ലീഡര്‍ഷിപ്പില്‍ തന്നെയുണ്ടാകും. മത്സരിക്കുമെന്ന് പറയുന്നതാണ് കോണ്‍ഫിഡന്‍സ്. മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് മത്സരിക്കുന്നുണ്ട് എന്നു പറഞ്ഞത് ശരി തന്നെയാണ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന് സ്ഥാനാര്‍ത്ഥിത്വമില്ലെന്ന് പറഞ്ഞാല്‍ ഇതെന്താ നാഥനില്ലാ കളരിയാണോ?. ചെയര്‍മാന്‍ മത്സരിക്കും. റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടിയുടെ കോണ്‍ഫിഡന്‍സിന് ജനങ്ങളുടെ അംഗീകാരം തേടും. ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത് മുമ്പേ പറഞ്ഞതാണെന്ന് റോഷി മറുപടി നല്‍കി.

ഇനി പാര്‍ട്ടിക്ക് തീരുമാനം കൈക്കൊള്ളാം. പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞിട്ടുമുണ്ട്. പാലായില്‍ മത്സരിച്ച വ്യക്തിയാണ് അദ്ദേഹം. പാലാ നഷ്ടപ്പെടേണ്ട സീറ്റ് അല്ല. തെറ്റുകള്‍ തിരുത്തി മടങ്ങി വരുമെന്ന് ചെയര്‍മാന്‍ തന്നെ പാലായില്‍ പ്രസംഗിച്ചതാണ്. പാലായെ കാണാതെ ഞങ്ങള്‍ക്ക് പോകാന്‍ പറ്റില്ലല്ലോ. പാര്‍ട്ടിയുടെ തീരുമാനത്തെക്കുറിച്ചാണ് ചെയര്‍മാന്‍ പറഞ്ഞത്.

‘ഞാന്‍ പറഞ്ഞത് സഡന്‍ റിയാക്ഷനൊന്നുമല്ല. വളരെ ആലോചിച്ചാണ് പറഞ്ഞത്. സഡന്‍ റിയാക്ഷനായിട്ടാണോ ഒരു കാര്യം പറയുന്നത്?. ഇനി തീരുമാനം കൈക്കൊള്ളുന്നത് പാര്‍ട്ടി ആലോചിച്ചിട്ടായിരിക്കും. അതാണ് ശരി. പാലായില്‍ മാത്രമല്ല, കേരളം മുഴുവന്‍ എന്റെ പേരു പറയുന്നുണ്ട്, പല വിധത്തില്‍. ഏതായാലും 25 വര്‍ഷമായി ഇടുക്കിയിലെ ജനങ്ങള്‍ എന്നെ സംരക്ഷിച്ചു. ഞാന്‍ അവര്‍ക്ക് വേണ്ടി നിലകൊണ്ടു’. മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജോസ് കെ മാണി മത്സരിക്കുമെന്ന് പറഞ്ഞത് ചോരത്തിളപ്പു കൊണ്ടൊന്നുമല്ല. ഇനി ചെയര്‍മാന്‍ മത്സരിക്കുന്നില്ല, ഞങ്ങളാരും മത്സരരംഗത്തില്ല എന്നാണോ പറയേണ്ടത് ?. അനാഥത്വത്തിന്റെ വക്കില്‍ നിന്നും ഉയര്‍ന്നു വന്നതല്ല കേരള കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് നേതാക്കന്മാരുണ്ട്. അവര്‍ മത്സരിക്കും. അങ്ങനെ മത്സരിച്ച് ജനങ്ങള്‍ക്കൊപ്പം നിലനില്‍ക്കുമ്പോഴല്ലേ ഒരു പാര്‍ട്ടി നിലനില്‍ക്കുന്നത്. ഞങ്ങളാരും മത്സരിക്കില്ല എന്നു പറയുന്നതാണോ മാഹാത്മ്യം?. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നു മാത്രമാണ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞതെന്നും റോഷി അഗസ്റ്റിന്‍ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button