KeralaNews

ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകും, കേന്ദ്ര സർക്കാർ പിൻമാറ്റം മൂലം സംസ്ഥാനത്തിന് അധിക ബാധ്യത: മന്ത്രി പി രാജീവ്

കൊച്ചി – ബംഗലുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത അയ്യമ്പുഴയിലെ ഗ്ലോബൽ സിറ്റി പദ്ധതിയുമായി തത്വത്തിൽ മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അയ്യമ്പുഴയിൽ സ്ഥലമുടമകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്ലോബൽ സിറ്റി പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങിയതോടെ സംസ്ഥാന സർക്കാരിന് അധിക ബാധ്യതയാണ് വന്നിട്ടുള്ളത്. ഇതുമൂലം പദ്ധതി ലാഭകരമായി നടത്താനാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പദ്ധതിയുടെ തുടർ നടപടികൾ സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ, എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരുൾപ്പെട്ട സമിതിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി ഗിഫ്റ്റ്സിറ്റി വിഭാവനം ചെയ്തപ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതിയുടെ അമ്പത് ശതമാനം വീതം തുക പങ്കിടാനാണ് തീരുമാനിച്ചിരുന്നത്. ഗിഫ്റ്റ് സിറ്റി ഗുജറാത്തിന് മാത്രമായി നിശ്ചയിക്കപ്പെട്ടതാണെന്ന് അറിയിച്ചതിനെ തുടർന്ന് ഗ്ലോബൽ സിറ്റി എന്ന് പദ്ധതിയുടെ പേരുമാറ്റി. പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു. എന്നാൽ ഈ പദ്ധതിയും വ്യവസായ ഇടനാഴിയുടെ ഭാഗമായി അനുവദിക്കാനാവില്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ പദ്ധതിയുമായി മുന്നോട്ട് പോകേണ്ട സ്ഥിതി സംജാതമായി. 500 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ 500 കോടി വകയിരുത്താനായിരുന്നു ആദ്യ ധാരണ. എന്നാൽ ഇപ്പോഴത് 358 ഏക്കറായി കുറഞ്ഞു. സ്ഥലം ഏറ്റെടുക്കാൻ 849 കോടി രൂപ കിൻഫ്രക്ക് കിഫ്ബി കൈമാറിയിട്ടുണ്ട്.

358 ൽ 215 ഏക്കർ മാത്രമേ വ്യവസായ പദ്ധതിക്കൾക്കായി ഇവിടെ കൈമാറാനാകൂ. തത്ഫലമായി സംരഭകർക്ക് കൈമാറുന്ന ഭൂമി വില വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും. ലാഭകരമായി ഗ്ലോബൽ സിറ്റിയെ മാറ്റാൻ എങ്ങനെ സാധിക്കുമെന്ന് പരിശോധിച്ചു വരികയാണെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. നിർദ്ദിഷ്ട പദ്ധതി പ്രദേശം മന്ത്രി സന്ദർശിച്ചു.റോജി. എം. ജോൺ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ്, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എസ്.സതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.യു. ജോമോൻ, മുൻ മന്ത്രി ജോസ് തെറ്റയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button