
സാമൂഹിക സാംസ്‌കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകിയ കലാലയമാണ് എറണാകുളം മഹാരാജാസ് കോളേജെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള ഒരു കലാലയം വരും കാലങ്ങളിലും മികവോടെ മുന്നോട്ടുപോകുന്നതിന് സ്വയം വിമർശനത്തോട പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാരാജാസ് കോളേജിന്റെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാദമിക്ക് നിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ ഒട്ടേറെ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. കലാലയങ്ങള്‍ മികവോടെ പ്രവർത്തിക്കുമ്പോഴും അതിന്‍റെ തിളക്കത്തിന് കളങ്കം ഏൽപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്തെങ്കിലും ഉണ്ടാകുന്നുണ്ടോ എന്ന് ആത്മ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയായിരുന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ്,പ്രൊഫ എം കെ സാനു,ബിനോയ് വിശ്വം മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. കിഫ്ബി ഫണ്ടില്‍ നിന്നും 15.45 കോടി ചെലവഴിച്ച് ഊരാളുങ്കല്‍ സൊസൈറ്റിയാണ് 3875.65 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം നിര്‍മ്മിച്ചത്.
അതേ സമയം ആലുവയിലെ ഹൈടെക് മാര്‍ക്കറ്റ് സമുച്ചയത്തിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഒരു ലക്ഷത്തി82,308 ചതുരശ്ര അടിയില്‍ ബേസ്മെന്‍റ് ഉള്‍പ്പടെ മൂന്നുനിലകളിലായാണ് മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്. 88 കടമുറികള്‍ക്കു പുറമെ റെസ്റ്റോറന്‍റ്,സൂപ്പര്‍മാര്‍ക്കറ്റ്,മത്സ്യമാംസാദികള്‍ ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യം,മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ട്രീറ്റ്മെന്‍റ് പ്ലാന്‍റ് എന്നിവ മാര്‍ക്കറ്റ് സമുച്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍,മന്ത്രി പി.രാജീവ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.