
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൻ്റെ 50-ാം വാർഷിക ദിനമായ ജൂൺ 25ന് അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചത് വികസന നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ കൂടുതൽ മുന്നോട്ടു പോകണമെങ്കിൽ സമ്പദ്ഘടന ചലിക്കേണ്ടതുണ്ടെന്നും അതാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ലക്ഷ്യം വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.”വിഴിഞ്ഞത്ത് സിംഗപ്പൂരിന് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഇതിൻ്റെ ഭാഗമായി വലിയ വളർച്ചയാണ് ഉണ്ടാകുന്നത്.കൊല്ലം തിരുവനന്തപുരം ജില്ലകളുടെ വളർച്ചയ്ക്ക് തുറമുഖം കാരണമാകും.”- അദ്ദേഹം പറഞ്ഞു.
ഇടത് സർക്കാരിൻ്റെ ശക്തമായ ഇടപെടലാണ് തുറമുഖം യാഥാർത്ഥ്യമായതിന് പിന്നിലെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് മുതൽ ഇന്നത്തെ അവസ്ഥ വരെ എത്തിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് അടിവരയിട്ടു പറഞ്ഞ അദ്ദേഹം എൽഡിഎഫ് നടത്തിയ സുതാര്യമായ നടപടിക്രമങ്ങളെ മുഴുവൻ യുഡിഎഫ് സർക്കാർ അട്ടിമറിച്ചുവെന്ന് കുറ്റപ്പെടുത്തി. വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ യുഡിഎഫ് കൈകാര്യം ചെയ്തത് സ്വകാര്യ വത്കരണ നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.
കെ മുരളീധരന്റെ മുഖ്യമന്ത്രിക്ക് എതിരായ അധിക്ഷേപ പരാമർത്തിന് മറുപടി മറുപടി പറയേണ്ട ആവശ്യം ഇല്ലെന്ന് അദ്ദഹം പ്രതികരിച്ചു. കോൺഗ്രസിൽ തമ്മിലടിയാണെന്നും അതിനെ എങ്ങനെയെങ്കിലും മാറ്റിനിർത്താനുള്ള ബോധപൂർവ്വമായ പ്രതികരണമാണ് ഇതൊക്കെയെന്നും സുധാകരൻ മാറിയാലും മാറിയില്ലെങ്കിലും കോൺഗ്രസിൽ പൊട്ടിത്തെറിയാണെന്നും അദ്ദേഹം പരിഹസിച്ചു.