
എയിംസ് വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കേരളത്തില്‍ എയിംസ് വേണമെന്നാണ് ബിജെപി നിലപാട്. ഏത് ജില്ലയില്‍ ആണെങ്കിലും സ്വാഗതം ചെയ്യുന്നുവെന്ന് എം ടി രമേശ് പറഞ്ഞു. തൃശ്ശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്ക് പോയിക്കോട്ടെ എന്ന സുരേഷ് ഗോപിയുടെ നിലപാട്. അത്തരത്തിലുള്ള നിലപാട് ബിജെപിക്ക് ഇല്ലെന്നും എം ടി രമേശ് പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും രാഷ്ട്രീയ കാരണങ്ങളാൽ അതിനു സാധിച്ചില്ലെങ്കിൽ തൃശൂരിൽ സ്ഥാപിക്കണമെന്നുമായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന. കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് ബിജെപിക്കകത്തുനിന്നും ഉയർന്നു വരുന്നത്. സുരേഷ് ഗോപിയുടെ നിലപാട് പാർട്ടി നിലപാടല്ലെന്ന് വ്യക്തമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് തന്നെ രംഗത്ത് വന്നു.
വിവാദമുണ്ടാക്കി കേരളത്തിന് എയിംസ് ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ കാസർകോഡ്, കോഴിക്കോട്, തിരുവനന്തപുരം ബിജെപി ജില്ലാ നേതൃത്വങ്ങൾ എയിംസ് അവരുടെ ജില്ലകളിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രംഗത്ത് വന്നിരുന്നു.