
സുരേഷ് ഗോപിക്ക് ജാള്യതയെന്ന് മന്ത്രി എം ബി രാജേഷ്. തൃശ്ശൂരിലെ കള്ളവോട്ടുകള്‍ കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് സുരേഷ് ഗോപിയ്ക്കെന്നും അതുകൊണ്ടാണ് ജനങ്ങളെ അഭിമുഖീകരിക്കാത്തതെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായാണ് നടന്നതെന്ന് തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിക്കെതിരെയും മന്ത്രി എം ബി രാജേഷ് തുറന്നടിച്ചു. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിതമായ രാജ്യമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനാണ് കഴിഞ്ഞ 100 വര്‍ഷമായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരിലെ ബിജെപിയുടെ കള്ളവോട്ട് വിഷയത്തില്‍ ദിവസം തോറും കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. കള്ളവോട്ടുകള്‍ ചേര്‍ത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപിയെ വെള്ള പൂശാനും സമാന്തരമായി ബിജെപി നേതാക്കള്‍ ശ്രമം തുടരുന്നുണ്ട്. സംഭവം മറയ്ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങളുമായി ബിജെപിനേതാക്കളും സജീവമാണ്.
കള്ളവോട്ട് ചെയ്തതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെതിരെ തൃശൂരിലെ കുടുംബം പരാതി നല്കി. കുറ്റൂര്‍ സ്വദേശി എം.ടി വേണുഗോപാല്‍ ആണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.