
കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇടത് നേതാക്കൾക്കെതിരെയുള്ള നടപടി കള്ള പ്രചാരണത്തിന്റെ ഭാഗമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കേരളത്തിന്റെ സഹകരണ പ്രസ്ഥാനങ്ങൾ നേട്ടങ്ങളുടെ ഭാഗമാണെന്നും ഇഡിയുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
“കേരളത്തിന്റെ സഹകരണ പ്രസ്ഥാനങ്ങൾ നേട്ടങ്ങളുടെ ഭാഗമാണ്. സാധാരണ പ്രസ്ഥാനത്തിന് അഭിമാനമായ കാര്യങ്ങൾ ഉണ്ട്. എന്നാല്‍ അതിന്റെ ഇടയിൽ ചില പുഴുക്കുത്തുകൾ ഉണ്ട് അങ്ങനെ കണ്ടാൽ ഇടതുപക്ഷം ശക്തമായ നിലപാട് എടുക്കും. കരുവന്നൂര്‍ ബാങ്ക് വിഷയത്തിലും അത് നടന്നു. പാര്‍ട്ടിയും സര്‍ക്കാരും കൃത്യമായി നടപടി എടുത്തു. തിരുത്തൽ നടപടികളും എടുത്തു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് പാര്‍ട്ടിയുടേത്. “- അദ്ദേഹം പറഞ്ഞു.
ഇഡി എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് വിമര്‍ശിച്ച അദ്ദേഹം സിപിഐ എം നേതാക്കളെ കേസില്‍പ്പെടുത്തിയത് ഇതിൻ്റെ ഭാഗമാണെന്നും അതും മതി ആവാത്തത് കൊണ്ടാണ് പാർട്ടിയെയും കേസില്‍ ഉൾപെടുത്തിയതെന്നും പറഞ്ഞു. ഇഡിയുടെ ഇത്തരം നീങ്ങള്‍ക്കൊണ്ടൊന്നും പാർട്ടിയെ തകർക്കാൻ ആവില്ലെന്നു ബിജെപിക്കും മറ്റു ചൂഷക വർഗ പാര്‍ട്ടിക്കും മനസ്സിലാകുമെന്ന് പറഞ്ഞ അദ്ദേഹം ഇഡി യുടെ അവസ്ഥ എന്താണെന്ന് ഇന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്നും സുപ്രീംകോടതി വരെ അത് മനസ്സിലാക്കിയെന്നും എടുത്തുപറഞ്ഞു. ബിജെപിയുടെ അനുയായികളായി ഇ ഡി പ്രവർത്തിച്ചു തുടങ്ങിയെന്നും ബിജെപിക്ക് വഴങ്ങാത്തവരെ ഭീഷണിപെടുത്തി അവരുടെ വഴിയിൽ വരുത്തുന്ന ഉപകാരണമായി ഇഡി മാറിയെന്നും എം എ ബേബി വിമര്‍ശിച്ചു.