
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പട്ട് ക്രെഡിറ്റ് വിവാദം കത്തിനില്‍ക്കെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഹിച്ച പങ്ക് ഓര്‍മ്മിപ്പിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. വിഴിഞ്ഞം കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാതിരുന്ന സമയത്ത് അദാനി ഗ്രൂപ്പിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നതും അതിനായുളള ചര്‍ച്ചകള്‍ നടത്തിയതും ഉമ്മന്‍ചാണ്ടിയാണ് എന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് കെ വി തോമസ് പങ്കുവെച്ചത്. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കെ വി തോമസിന്റെ കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.
‘2015-ല്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. പോര്‍ട്ടിന്റെ പണി ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന ദിവസം അദാനി ഗ്രൂപ്പിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നത്. ഗൗതം അദാനിയെ എനിക്ക് നല്ല പരിചയമുണ്ടായിരുന്നു. അദ്ദേഹത്തെ വിളിക്കാം പക്ഷെ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനിയോട് എതിര്‍പ്പുണ്ട്. അതിനുളള പരിഹാരം മുഖ്യമന്ത്രി തന്നെ കാണണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദാനിയോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് താങ്കളോട് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ അറിയിച്ചു.
അപ്പോള്‍ പ്രൊഫസര്‍ക്ക് കേരളത്തെക്കുറിച്ച് അറിയുന്നതുപോലെ കേരളത്തിലെ ട്രേഡ് യൂണിയന്‍ സാഹചര്യത്തെക്കുറിച്ച് എനിക്കുമറിയാം. മാറിമാറി വരുന്ന സര്‍ക്കാരുകളും എന്തിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളുമാണ് അവിടെയുളളത്. തമിഴ്‌നാട് സൗജന്യമായി രണ്ടായിരം ഏക്കര്‍ സ്ഥലം തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ടിട്ട് എന്താ കാര്യം എന്നാണ് അദാനി ചോദിച്ചത്. ആദ്യം മുഖ്യമന്ത്രിയോട് സംസാരിക്കൂ എന്നിട്ട് തീരുമാനിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് മറുപടി പറഞ്ഞു. അങ്ങനെ അദാനിയും ഉമ്മന്‍ചാണ്ടിയും 15 മിനിറ്റോളം സ്വകാര്യമായി സംസാരിച്ചു. ശേഷം അദാനി എന്നോട് പറഞ്ഞത് ഇങ്ങനെയാണ് ‘പ്രൊഫസര്‍ ഐ വില്‍ കം ടു കേരള’. പിന്നീട് അദാനി വി എസ് അച്യുതാനന്ദനുമായും സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. ഉമ്മന്‍ചാണ്ടിക്ക് വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത സോണിയാ ഗാന്ധിയെ പറഞ്ഞ് മനസിലാക്കാനുമായി. പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോയത് പിണറായി വിജയന്‍ സര്‍ക്കാരാണ്’-എന്നാണ് കെ വി തോമസ് പറഞ്ഞത്.