KeralaNews

കെ പി സി സി പുനഃസംഘടന വൈകും; ഓണത്തിന് ശേഷം നടത്താൻ തീരുമാനം

കെ.പി.സി.സി പുനഃസംഘടന വൈകും. ഓണത്തിന് ശേഷം പുനഃസംഘടന നടത്താനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതിൽ നിന്ന് ശ്രദ്ധമാറ്റേണ്ടെന്ന ധാരണയിലാണ് പുനഃസംഘടന നീട്ടിയത്. സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്നത്. 14 ജില്ലകളിലും കെ പി സി സി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് ജില്ലാ കൺവെൻഷനിൽ പങ്കെടുക്കുന്നത്. നാളെ മലബാർ ജില്ലകളിലാണ് കൺവെൻഷൻ നടക്കുക. ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിലാണ് കൺവെൻഷൻ നടന്നത്. ഈമാസം 29,30, 31 തീയതികളിലായിട്ടായിരിക്കും ഗൃഹ സന്ദർശന പരിപാടി നടക്കുക. ഗൃഹസന്ദർശന പരിപാടി കഴിഞ്ഞ് പുനഃസംഘടന ചർച്ചയിലേക്ക് കടക്കാനാണ് നേത്യത്വത്തിന്റെ ധാരണ.

അതേസമയം, ഷാഫി പറമ്പിലിന് നിയമസഭയിൽ മത്സരിക്കാൻ താല്പര്യമുണ്ടെങ്കിലും പുയ്യാപ്ലയെ വിട്ടുകൊടുക്കാൻ വടകരക്കാർക്ക് താല്പര്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് ഇപ്പോൾ അതിന്റെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ്. കേരളത്തിലെ എല്ലാ വീടുകളിലും കോൺഗ്രസ് പ്രവർത്തകർ എത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

എന്നാൽ തന്റെ താല്പര്യം വടകരയിൽ നിന്ന് കൂടുതൽ എംഎൽഎമാരെ സഭയിൽ എത്തിക്കാനാണെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നത്, അത് നടപ്പാക്കുമെന്നും ഷാഫി പറമ്പിൽ എം പി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button