
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും എഡിജിപി അജിത്ത് കുമാറിനെയും രക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
വിജിലന്‍സ് കോടതിയുടെ നടപടിയിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് തെളിഞ്ഞു. നിയമ ലംഘനങ്ങളുടെ വകുപ്പായി അഭ്യന്തര വകുപ്പ് മാറിയിരിക്കുകയാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജും വാർത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിലയിരുത്തിയായിരുന്നു വിജിലന്‍സ് കോടതിയുടെ നടപടി. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി.