
കൊടകര ബിജെപി കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീഷ് നൽകിയ മൊഴിയി കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്ലാണ് തുടരന്വേഷണ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
അതേസമയം കൊടകര കുഴൽപ്പണക്കേസിൽ ഇതുവരെയും ഇഡി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് തിരൂർ സതീഷ് ഇന്നലെ പറഞ്ഞിരുന്നു. തന്നെ സാക്ഷി ആക്കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ സത്യമായി തന്നെ ഉറച്ചു നിലനിൽക്കുന്നുവെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
“ചാക്കുകെട്ടുകളിൽ പണം എത്തി. അത് അന്വേഷിക്കാൻ പോലും ഇഡിക്ക് ഒഴിവില്ല. പാർട്ടിയുടെ നേതാക്കന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇന്ന് കുറ്റപത്രം കൊടുത്തിട്ടുള്ളത്. അത് ഇപ്പോൾ വ്യക്തമായി. വെറുതെ പോയി കുറ്റപത്രം സമർപ്പിച്ചു എന്നു പറഞ്ഞിട്ട് കാര്യമില്ല.”-സതീഷ് പറഞ്ഞു. അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് കുറ്റപത്രമെന്നും ബിജെപി നേതാക്കളെ സംരക്ഷിക്കുന്നത് പോലെയുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ചൂണ്ടിക്കാട്ടിയ സതീഷ് നടന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും സതാൻ നിയമ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു.