
സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ റൂറൽ സൈബർ പൊലീസ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ഉച്ചയോടെയാണ് കെ എം ഷാജഹാൻ ആലുവ സൈബർ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. വിവാദമായ വീഡിയോ എഡിറ്റ് ചെയ്ത് സ്റ്റോർ ചെയ്ത മെമ്മറി കാർഡ് കെ എം ഷാജഹാൻ ഹാജരാക്കി.
കേസിലെ രണ്ടാംപ്രതിയാണ് ഷാജഹാൻ. അന്വേഷണസംഘത്തിന് മുന്നിൽ ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും കെഎം ഷാജഹാൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ശേഷം പ്രതികരിച്ചു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാനും തയ്യാറായില്ല. ഷാജഹാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി. അധിക്ഷേപ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഷാജഹാൻ കയറിയ ഓട്ടോറിക്ഷ തടയുകയും ചെയ്തു.
അതേസമയം കേസിലെ ഒന്നാംപ്രതി സി കെ ഗോപാലകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. കെ എം ഷാജഹാന്റെ വീഡിയോ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സി കെ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ. താൻ നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമായി നടക്കുന്നുവെന്ന് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.കേസിൽ കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും ഫോൺ പിടിച്ചെടുത്ത് രേഖകൾ പരിശോധിച്ചു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കും.