
പഹൽഗാം ഭീകരാക്രമണത്തിൽ ആരോപണപ്രത്യാരോപണങ്ങളുമായി കോൺഗ്രസും ബിജെപിയും. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ചോദിച്ചു. ജമ്മുകശ്മീർ പൊലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നും ഖർഗെ ചോദിച്ചു.
സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ സമ്മതിച്ചതാണ്. ഏപ്രിൽ 19-ലെ ജമ്മുകശ്മീർ യാത്ര പ്രധാനമന്ത്രി റദ്ദാക്കി. ആക്രമണത്തിന് മൂന്ന് ദിവസം മുൻപേ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും ഖർഗെ കൂട്ടിച്ചേർത്തു.
എന്നാൽ ഖർഗെയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. രാജ്യം നിർണായകഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ കോൺഗ്രസിന് പാകിസ്താന്റെ ഭാഷയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോൺഗ്രസ് സേനയെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് രാജ്യത്തെയും സൈന്യത്തെയും അപമാനിച്ചുവെന്നും ബിജെപി വിമർശിച്ചു.
പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഭീകരര്‍ സഞ്ചാരികളെ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് നല്‍കിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഒരു തെളിവും ലഭിക്കാതെ വന്നതോടെ ഓപ്പറേഷന്‍ ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേ ദിവസമാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.