KeralaNews

‘സതീശന്റെ പ്രസ്താവന ‘ഭരണിപ്പാട്ട്’ പോലെ, ധൈര്യമുണ്ടെങ്കിൽ നേമത്ത് വന്ന് മത്സരിക്കൂ’; മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കടുത്ത ഭാഷയിൽ മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തന്നെക്കുറിച്ച് സതീശൻ നടത്തിയ പ്രസ്താവനകൾ ‘ഭരണിപ്പാട്ട്’ പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. വിഷ്വൽ മീഡിയയിലൂടെ പരസ്യമായാണ് സതീശൻ അധിക്ഷേപം നടത്തിയത്. എന്നാൽ എല്ലാ ഭാഗത്തുനിന്നും എതിർപ്പ് ഉയർന്നപ്പോൾ അദ്ദേഹം പ്രസ്താവനയിൽ നിന്ന് പിന്മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ധൈര്യമുണ്ടെങ്കിൽ വി.ഡി. സതീശൻ നേമത്ത് വന്ന് മത്സരിക്കണമെന്നും വി. ശിവൻകുട്ടി വെല്ലുവിളിച്ചു

ഭിന്നശേഷി സംവരണം സർക്കാർ കൊണ്ടുവന്ന പ്രശ്നമല്ലെന്നും വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തപ്പോൾ മാനേജ്‌മെന്റുകൾ അവരുടെ ഭാഗം പറയാൻ തയ്യാറായില്ലെന്നും, വിധി വന്നതിനുശേഷം അപ്പീൽ പോകാനോ സുപ്രീം കോടതിയിൽ വാദിക്കാനോ അവർ മുൻകൈ എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയം പരിഹരിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തിരുന്നു. ഭിന്നശേഷി നിയമനം നടപ്പിലാക്കാൻ എൻ.എസ്.എസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എൻ.എസ്.എസിന് നൽകിയ ആനുകൂല്യം മറ്റെല്ലാ മാനേജ്‌മെന്റുകൾക്കും നൽകണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭിന്നശേഷിക്കാരെ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നത് വസ്തുതയാണെന്നും, എന്നാൽ കാതോലിക്ക ബാവ തിരുമേനിയുടെ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button