KeralaNews

മലബാറിലെ നികുതി കെട്ടാത്ത ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി: മന്ത്രി കെ രാജന്‍

മലബാര്‍ മേഖലയിലെ ജില്ലകളില്‍ നികുതി കെട്ടാത്ത ഭൂമി അഥവാ നി.കെ ഭൂമി സംബന്ധിചുള്ള പ്രശ്നം പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍. ഈ മേഖലയിലെ ആയിരക്കണക്കിന് ഭൂവുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ മേഖലയില്‍ നികുതി കെട്ടാത്ത ഭൂമി രജിസ്റ്റര്‍ ചെയ്ത് കരം ഒടുക്കാന്‍ അനുവാദം നല്‍കുന്നതിന് 1895 ല്‍ മലബാര്‍ ലാന്‍ഡ് രജിസ്‌ട്രേഷന്‍ ആക്ടില്‍ ഉള്ള വ്യവസ്ഥകള്‍ ആണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ 2005 ല്‍ മലബാര്‍ ലാന്റ് രജിസ്‌ട്രേഷന്‍ ആക്ട് റദ്ദാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് ആകമാനം ബാധകമായ 1961-ലെ കേരള ലാന്‍ഡ് ടാക്‌സ് ആക്ട് നിലവില്‍ വന്നത് മൂലം ഇക്കാര്യങ്ങള്‍ക്ക് ബാധകമാക്കേണ്ടത് പ്രസ്തുത നിയമം ആണ് എന്ന ലോ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

ഓര്‍ഡിനന്‍സ് നിയമ സഭയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചില നിയമപ്രശ്‌നങ്ങളാല്‍ കേരള ലാന്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. മലബാര്‍ മേഖലയില്‍ ആയിരക്കണക്കിനാളുകളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിച്ചു വന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ ഉപദേശം ലക്ഷ്യമാക്കിയ ശേഷം 1961-ലെ ലാന്‍ഡ് ടാക്‌സ് ആക്ട് പ്രകാരം തുടര്‍ നടപടികള്‍ പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ലാന്‍ഡ് ടാക്‌സ് ആക്ടിലെ 3(3) വകുപ്പ് പ്രകാരം കൈവശക്കാരന്‍ എന്നതിന്റെ പരിധിയില്‍ നികുതി കിട്ടാത്ത ഭൂമി ഉടമകള്‍ ഉള്‍പ്പെടും എന്നു കണക്കാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button