
ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണം അന്വേഷണം നടക്കട്ടെയെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ. വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ തനിക്കറിയില്ല. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നത്. പഠിക്കാനോ മനസ്സിലാക്കാനോ ഉള്ള സമയം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ ക്ഷമ വേണം. ആറാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തീകരിക്കാനാണ് കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആ ആറാഴ്ച കാത്തിരിക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല ശില്പപാളിയിലെ സ്വര്ണമോഷണത്തില് കള്ളന്മാരെയെല്ലാം ജയിലിലടക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിൻ്റെയും നിലപാടെന്ന് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. എസ് ഐ ടി അന്വേഷണത്തില്‍ ആര് പ്രതിയായാലും നടപടി ഉറപ്പാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ഈ കേസില്‍ ഒന്നും ഒളിക്കാൻ ഇല്ലെന്നും മന്ത്രി പറഞ്ഞു.