
കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ. വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂർ. ബില്ലിൽ തെറ്റില്ല. ജെപിസി ചർച്ചകൾ നടക്കട്ടെ എന്നും തരൂർ പ്രതികരിച്ചു. പ്രതിപക്ഷം ബില്ല് അവതരണത്തിൽ ശക്തമായ പ്രതിഷേധം നടത്താൻ ഇരിക്കെയാണ് തരൂരിന്റെ പ്രതികരണം.
പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയതിന് ശേഷമാണ് വീണ്ടും കോൺഗ്രസിനെ വെട്ടിലാക്കുന്ന നിലപാടുമായി തരൂർ രംഗത്തെത്തിയത്. ബില്ലില്‍ എന്താണ് അപാകതയെന്നാണ് ശശി തരൂർ ചോദിക്കുന്നത്. പൈശാചികമെന്നും കാടത്ത ബില്ലെന്നും പ്രിയങ്കാ ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ച ബില്ലിനാണ് ശശി തരൂര്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.
അഴിമതി കേസിൽ ഉൾപ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ 31-ാം ദിവസം മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമാണ്. 30 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശചെയ്യണം. ഗവർണർമാർ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവർ മന്ത്രിമാരല്ലാതാകും.